ഒമിക്രോൺ ആശങ്ക; രാജ്യത്ത് കേസുകൾ നാനൂറിനടുത്തായി

ദില്ലി: രാജ്യത്തിന് ആശങ്കയായി ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. ഇതുവരെയായി രാജ്യത്ത് നാനൂറിനടുത്ത് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോ​ഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയാണ് സംസ്ഥാനങ്ങൾ. രാത്രികാല കർഫ്യു അടക്കമുള്ള നിയന്ത്രണങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. രോ​ഗികൾ ഇരട്ടിയാകാൻ ഒന്നര മുതൽ മൂന്ന് ദിവസം വരെയാണ് എടുക്കുന്നതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. യുപിയിലും ചടങ്ങുകളിൽപങ്കെടുക്കുന്നതിന് നിയന്ത്രണഹ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നരുടെ എണ്ണം ഇരുന്നൂറാക്കി ചുരുക്കി. ആഘോഷ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ ദില്ലിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോട്ടൽ ദുരന്ത നിവാരണ അതോറിറ്റി അടച്ചു പൂട്ടി.

കർണാടകത്തിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണിന് ഡെൽറ്റയെക്കാൾ വ്യാപനശേഷി ഉണ്ടെന്നും, രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമുള്ള കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ നടപടി. രാജ്യത്ത് ഇതുവരെ 140 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. രാജസ്ഥാനിലെ ബാർമെറിൽ വാക്സിൻ വിതരണത്തിനായി ഒട്ടകപ്പുറത്ത് പോയ ആരോഗ്യ പ്രവർത്തകയെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ അഭിനന്ദിച്ചു. ദൃഢനിശ്ചയവും ആത്മാർത്ഥതയും സമ്മേളിക്കുന്നു എന്ന തലക്കെട്ടോടെയാണ് മന്ത്രി ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.

Loading...