ഒമിക്രോൺ; ജാ​ഗ്രതയോടെ കേരളവും, വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കും

തിരുവനന്തപുരം: കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇന്ത്യയിൽ അടക്കം ജാ​ഗ്രത തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആഹ്വാനം ചെയ്തത്. ഇതിനിടയിൽ കേരളവും ജാ​ഗരൂകമായി ഇരിക്കുകയാണ്. ആരോ​ഗ്യമന്ത്രി വീണാ ജോർജും സംസ്ഥാനത്തിന് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര മാർഗനിർദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.

കേന്ദ്ര മാർഗനിർദേശങ്ങളിൽ പറയുന്ന വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവരെ കൂടുതൽ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർ സംസ്ഥാനത്ത് എത്തിയിട്ട് എയർപോർട്ടുകളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. എല്ലാ എയർപോർട്ടുകളിലും കൂടുതൽ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു. ഇവർ കർശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആർടിപിസിആർ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ സംശയമുള്ള സാമ്പിളുകൾ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി അറിയിച്ചു.

Loading...