കൊച്ചി: സോളാര്‍ കേസില്‍ പണിയും മറുപണിയുമായി രാഷ്ട്രീയക്കാരും മാധ്യമങ്ങളും. സോളാര്‍ തട്ടിപ്പ് കേസിലെ കുപ്രസിദ്ധ പ്രതി സരിത എസ്. നായരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് കൂടുതല്‍ തെളിവുകളുമായി എം.വി നികേഷ്കുമാര്‍. തന്റെ കൈവശമുണ്ടായിരുന്ന തെളിവുകള്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടര്‍ ടി.വി. മാനേജിങ് ഡയറക്ടര്‍ക്ക് അദ്ദേഹം കൈമാറി. റിപ്പോര്‍ട്ടര്‍ ടി. വി.യുടെ ഡല്‍ഹി പ്രതിനിധിയായ രാധാകൃഷ്ണനുമായി മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിള നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പാണ് കമ്മീഷന് നികേഷ് കെമാറിയത്.

2012 ഡിസംബര്‍ 27 ന് ഡല്‍ഹിയില്‍ നടന്ന ദേശീയ ആസൂത്രണ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി, സരിതയുമായി വിജ്ഞാന്‍ഭവനില്‍ കൂടിക്കാഴ്ച നടത്തിയെന്ന് തോമസ് കുരുവിള പറഞ്ഞിരുന്നു. കൂടാതെ 27 ന് നടന്ന ആസൂത്രണ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ ക്ഷണക്കത്തും കമ്മീഷന് കൈമാറിയ രേഖകളില്‍ പെടുന്നു.

Loading...

മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിശ്വാസത്തിലെടുത്താണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായര്‍ റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ അഭിമുഖത്തിന്റെ കോപ്പി കമ്മീഷന് നല്‍കി. കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലുമായി ആലപ്പുഴയിലെ വസതിയില്‍ വെച്ച് നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി സരിത പറഞ്ഞതായി ഇന്ത്യാ ടുഡേയുടെ പ്രതിനിധി ബിന്ദുരാജും തിങ്കളാഴ്ച കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.