തിരുവനന്തപുരം:ഒടുവിൽ പി.സി.ജോർജിനോട് മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി രാജി ആവശ്യപ്പെട്ടു. കുറച്ചുമുമ്പ് കെ.എം.മാണിയുമായി സംസാരിച്ച ഉമ്മൻ ചാണ്ടി ജോർജിനോട് രാജി ആവശ്യപ്പെടും എന്ന ഉറപ്പുനൽകിയിരുന്നു. ഇന്ന് രാത്രി കൂടികാഴ്ച്ചയ്ക്കായി ജോർജിനെ മുഖ്യമന്ത്രി വിളിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയും ഈ കൂടികാഴ്ച്ചയിൽ ഉണ്ടാകും. ഈ അവസരത്തിൽ രാജികത്ത് കൈമാറണമെന്നും പി.സി.ജോർജ്ജിനോട് സൂചിപ്പിച്ചതായി അറിയുന്നു. ജോർജിന് മാന്യമായി ഒഴിവായി പോകാൻ നല്കുന്ന അവസാനത്തെ അവസരമായും ഇതിനെ വിലയിരുത്തുന്നു. രാജിക്കാര്യത്തിൽ ഇഴഞ്ഞുനീങ്ങിയ ചർച്ചകൾ സരിതയുടെ കത്ത് വിവാദത്തോടെയാണു ചൂടുപിടിച്ചത്. കത്ത് യു.ഡി.എഫിനും മറ്റും ഉണ്ടാക്കിയ ബുദ്ധിമുട്ട് കണക്കാക്കി ജോര്ജിനെതിരെ രമേശ് ചെന്നിത്തലയും തിരിയുകയായിരുന്നു. കത്ത് പുറത്താക്കാൻ ജോർജും ബാലകൃഷ്ണപിള്ളയുമായി നടത്തിയ കൂട്ടുകെട്ടുകളുടേയും ഗൂഢാലോചനയുടേയും വ്യക്തമായ തെളിവുകള മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചതും ജോർജ്ജിന്റെ നിമിഷങ്ങൾ എണ്ണപ്പെടുവാൻ കാരണമായി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിൽ തന്നെ തുടരാനേ ജോർജിന് കഴിയൂ. ഇടതു പക്ഷത്തേക്ക് ജോർജിനെ എടുക്കില്ലെന്ന വ്യക്തമായ സൂചകൾ മുഖ്യമന്ത്രിക്ക് കിട്ടിക്കഴിഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം. ജോർജ് പിണങ്ങിയാലും രാജ്യസഭയിലേക്ക് രണ്ട് പേരെ ജയിപ്പിക്കാൻ യുഡിഎഫിന് കഴിയും. ഈ സാഹചര്യത്തിൽ മാണിയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാം. തന്റെ തീരുമാനം കെപിസിസി അധ്യക്ഷൻ സുധീരനേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും മുഖ്യമന്ത്രി അറിയിച്ചു കഴിഞ്ഞു. ഇതിൽ സുധീരൻ മുഖ്യമന്ത്രിയുടെ തീരുമാനത്തെ പൂർണ്ണമായും അംഗീകരിക്കുന്നുണ്ട്. ഇന്നലെ നടന്ന ചർച്ചകളിൽ ജോർജിനെ മുന്നണിയിൽ നിലനിർത്താൻ ശ്രമം നടത്തണമെന്ന അഭിപ്രായം വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മുന്നോട്ട് വച്ചിരുന്നു. മാണിയുമായി ഇതിനുള്ള സമവായ ചർച്ചയും നടത്തി. മാണിയെ ജോർജ് ഇനി വിമർശിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. ഇതൊന്നും നടക്കില്ലെന്ന് ജോർജിന്റെ ഇന്നത്തെ നിലപാടിലൂടെ വ്യക്തമായി. സോളാറിലെ കത്ത് പുറത്തുവന്നതും അതിനോട് അടുപ്പിച്ച് ജോർജ് നടത്തിയ പ്രതികരണങ്ങളും അതിര് വിട്ടു പോയെന്ന അഭിപ്രായം മുസ്ലിം ലീഗിനുമുണ്ട്. ഈ സാഹചര്യത്തിൽ ജോർജിന് അനുകൂമായ നിലപാടിൽ നിന്ന് കുഞ്ഞാലിക്കുട്ടിയും പിന്മാറി. ഇതോടെയാണ് ജോർജിന് അനുകൂലമായ സാധ്യതകളെല്ലാം അടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് ഒന്നും ചെയ്യാനില്ലാത്ത സാഹചര്യവുമായി.