മുഴുവവൻ പേർക്കും ലഭിച്ചില്ല; സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 3 വരെ നീട്ടി

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 3 വരെ നീട്ടി ഉത്തരവിറക്കി. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റുകൾ കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനം. കിടപ്പ് രോഗികൾ, കോവിഡ് ബാധിതർ എന്നിവർക്ക് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഇന്ന് (31/08/2021) അഞ്ച് മണിവരെ 85,99,221 കിറ്റുകൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.

സാമുഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേയ്ക്ക് വിതരണം ചെയ്ത 10,174 കിറ്റുകൾ ഉൾപ്പെടെ 86,09,395 ഓണ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കിറ്റകളുടെ വിതരണം പൊതുവിതണ വകുപ്പ് ഉദ്യോഗസ്ഥർ മുഖേനയുള്ള വാതിൽപ്പടി വിതരണം വഴി എല്ലാ ജില്ലകളിലും നടന്നു വരുന്നു. വിവിധ കാരണങ്ങളാൽ ഓണക്കിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾ സെപ്റ്റംബർ 3 നകം കിറ്റുകൾ കൈപ്പറ്റേണ്ടതാണെന്നും മന്ത്രി അറിയിച്ചു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കാർഡുടമകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട DSO/TSO ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്നും ഇതിനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Loading...