സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി;മരിച്ചത് 82 കാരനായ കൊല്ലം സ്വദേശി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. കൊല്ലം സ്വദേശിയാണ് മരിച്ചത്. കൊല്ലം നെടുമ്പന സ്വദേശിയായ ബാലകൃഷ്ണന്‍ നായരാണ് മരിച്ചത്. 82 വയസ്സായിരുന്നു. കൊവിഡ് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ചികിത്സയ്ക്കിടെ ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് ഇന്ന് മരിക്കുന്ന നാലാമത്തെ ആളായിരിക്കുകയാണ് ബാലകൃഷ്ണന്‍ നായര്‍. കൊവിഡ് ബാധിതനായി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന് അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ കന്യാസ്ത്രി എയ്ഞ്ചലും ഇന്ന് മരിച്ചു. എണ്‍പത് വയസ്സായിരുന്നു ഇവര്‍ക്ക്. ഈ മാസം 24നാണ് മഠത്തില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് സിസ്റ്ററിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വച്ച് നടത്തിയ സ്രവ പരിശോധനയിലാണ് സിസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സിസ്റ്ററിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളുമുണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Loading...

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ധിഖാണ് മരിച്ചത്. പക്ഷാഘാതത്തിനും കിഡ്‌നി സംബന്ധമായി അസുഖങ്ങള്‍ക്കും ചികില്‍സയ്ക്കായാണ് സിദ്ദിഖ് മെഡിക്കല്‍ കോളേജിലെത്തുന്നത്. അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരികരിക്കുകയായിരുന്നു. സിദ്ധിഖിന്റെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കും.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്റഫും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 53 വയസായിരുന്നു. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.