കാസര്‍കോട്:കര്‍ണാടകയുടെ ക്രൂരതയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ഇതോടെ ചികിത്സ കിട്ടാതെ കാസര്‍കോട് മരിച്ചവരുടെ എണ്ണം 11 ആയി. ഇന്ന് മരിച്ചത് കടമ്പാര്‍ സ്വദേശി കമലയാണ്. അതിര്‍ത്തിയില്‍ തടഞ്ഞ് വെച്ചതിനെത്തുടര്‍ന്ന് തക്ക സമയത്ത് ചികിത്സ ലഭിക്കാതെയായിരുന്നു മരണം സംഭവിച്ചത്. ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.അതേസമയം, കാസര്‍കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആറു പേരെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലെ
കോവിഡ് ആശുപത്രിയിലേക്ക് മാറ്റും.
കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് യാത്ര മുടക്കിയതിന് പിന്നാലെ കേരളത്തില്‍ നിന്നെത്തുന്നവരെ ചികിത്സിക്കരുതെന്ന ക്രൂരമായ നടപടിക്ക് നേരത്തെ കർണാടക നിർദേശം നൽകിയത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ 327 പേര്‍ക്കാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 266 പേരാണ്. ഇന്ന് മാത്രം 122 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കാസര്‍കോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്തുനിന്നാണ് കൊറോണ ബാധയുണ്ടായത്. സംസ്ഥാനത്ത് നമുക്ക് രോഗവ്യാപനം തടയാന്‍ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തില്‍ കൊണ്ടുവന്ന നടപടി അതിന് സഹായകരമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കാസര്‍കോട് മെഡിക്കല്‍ കോളേജ് കൊറോണ ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം തയ്യാറാണെനന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.