പുല്‍വാമ ഭീകരാക്രമണത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് ഒരു വയസ്സ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് ഒരു വയസ്സ്. 2019 ഫെബ്രുവരി 14 നാണ് കേന്ദ്ര റിസര്‍വ്വ് പൊലീസ് സേനയിലെ സൈനികര്‍ വീരമൃത്യു വരിച്ചത്. 78 ബസ്സുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്ന സൈനികരാണ് ഓര്‍മയായത്. ദേശീയപാത 44 ല്‍ അവന്തി പുരയ്ക്കടുത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോവാന്‍ വാഹനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഉഗ്രസ്ഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 40 സൈനികരും തത്ക്ഷണം മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരുക്കേറ്റു.

വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ അനന്തരവൻ റഷീദ് മസൂദ് 2017 നവംബറിൽ പുൽവാമയിൽ സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.2018 ഒക്ടോബർ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവൻ ഉസ്മാൻ തൽഹ റഷീദിനെയും സിആർപിഎഫ് വധിച്ചു. ഇതിന് പകരം വീട്ടുമെന്ന് അസ്ഹർ പ്രഖ്യാപിച്ചിരുന്നു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായ ഫെബ്രുവരി 9 ന് തീവ്രവാദികൾ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

Loading...

എന്നാൽ ഇന്റിലിജൻസിന് വീഴ്ചയുണ്ടായതായി വിമർശനം ഉയർന്നു. ലോക്സഭാ തിരഞ്ഞടുപ്പിനു രണ്ടു മാസം മുമ്പ് നടന്ന ആക്രമണം രാഷ്ട്രീയമായും ഏറെ ചർച്ച ചെയ്യപ്പെട്ടു. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു.

അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ വിമർശനം നേരിട്ട സംഭവമായിരുന്നു പുൽവാമ ഭീകരാക്രമണം. ഇന്ത്യയുടെ സമ്മർദ്ദങ്ങൾക്കിടയിൽ ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിനെ 2019 മേയ് 1ന് ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു.ആക്രമണം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ ജമ്മു കശ്മീർ എന്ന സംസ്ഥാനം ഇന്നില്ല. പ്രത്യക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി. കശ്മീരിലെ നിയന്ത്രണങ്ങളും അതിർത്തിയിലെ വെടിയൊച്ചകളും തുടരുന്നതിനിടെയാണ് ധീര ജവാൻമാരെ രാജ്യം സ്മരിക്കുന്നത്.

ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീർ പൊലീസിൽനിന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു കേസ് എൻഐഎയ്ക്കു കൈമാറിയത്. 14ന് ആക്രമണമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ പത്തംഗ എൻഐഎ സംഘം തെളിവുകൾ ശേഖരിച്ചിരുന്നു. പിന്നാലെ, പുൽവാമയ്ക്കു സമീപം ലെത്‌പൊരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും തെളിവെടുപ്പു നടത്തിയശേഷമാണ് കേസ് ഏറ്റെടുക്കാൻ എൻഐഎ തീരുമാനിച്ചത്. ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു, ആക്രമണത്തിനു മുൻപ് ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ തയാറെടുപ്പുകൾ, പാക്കിസ്ഥാന്റെ പങ്ക്, ഭീകരർക്കു പ്രദേശവാസികളിൽനിന്നു ലഭിച്ച പിന്തുണ, ഇന്റലിജൻസ് വീഴ്ച എന്നിവയാണു മുഖ്യമായും എന്‍ഐഎ അന്വേഷിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാൻ ആണെന്ന് വ്യക്തമായി.

ഇയാളെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു. ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കളും കൈമാറിയത് ഇയാളാണ്. ഭീകരസംഘടനാംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ്, സംഭവം നടന്ന ഫെബ്രുവരി 14നു 10 ദിവസം മുൻപ് വാഹനം വാങ്ങി കൈമാറിയത്. പുൽവാമ ജില്ലയിലെ ത്രാൾ സ്വദേശിയായ മുദസിർ അഹമ്മദ് ഖാൻ 2017 മുതൽ ഭീകരസംഘടനയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. 2018 ജനുവരിയിൽ വീടുവിട്ട് പോയി. ലത്‌പൊറ സിആർപിഎഫ് ക്യാംപ് ആക്രമണത്തിലും ഫെബ്രുവരിയിലെ സൻജ്വാൻ സൈനിക ക്യാംപ് ആക്രമണത്തിലും പങ്കുണ്ട്. സ്ഫോടനത്തിൽ ചാവേറുമായി ഇയാൾ നിരന്തര ബന്ധം പുലർത്തിയിരുന്നു.ജനുവരിയിൽ നടന്ന പഠാൻകോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ പാക്ക് പൗരൻ മസൂദ് അസ്ഹർ, 1998ൽ സ്ഥാപിച്ച ഭീകരസംഘടനയാണു ജയ്ഷെ മുഹമ്മദ്. കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭീകരസംഘമാണിത്. പാക്ക് പഞ്ചാബിലെ ബഹാവൽപുരാണ് ആസ്ഥാനം. 2017 നവംബറിൽ പുൽവാമയിൽ മസൂദ് അസ്ഹറിന്റെ അനന്തരവൻ റഷീദ് മസൂദ് സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.ഇതിനു പകരം വീട്ടും എന്ന് അന്ന് അസ്ഹർ പ്രഖ്യാപിച്ചിരുന്നതാണ്. 2018 ഒക്ടോബർ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവൻ ഉസ്മാൻ തൽഹ റഷീദിനെയും സിആർപിഎഫ് വധിച്ചു. പകരം വീട്ടും എന്ന് അന്നും അസ്ഹർ പ്രഖ്യാപിച്ചു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായ ഫെബ്രുവരി 9 ന് തീവ്രവാദികൾ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. ഒരാഴ്ച വൈകിയാണ് ആക്രമണം ഉണ്ടായതെന്നു മാത്രം. ഇന്റിലിജൻസ് വീഴ്ചയാണു ഭീകരാക്രമണത്തിൽ കലാശിച്ചതെന്ന വാദം ഇപ്പോഴുമുണ്ട്.