കോട്ടയത്ത് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: കിടങ്ങൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒരു വയസ്സുകാരി ഭാ​ഗ്യയാണ് മരിച്ചത്. ജയേഷ്-ശരണ്യ ദമ്പതികളുടെ മകളാണ് ഭാ​ഗ്യ. വൈകിട്ട് നാല് മണിയോടെയാണ് ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വെച്ച് അപകടം നടന്നത്. ശരണ്യയുടെ വീട്ടിലേക്ക് കുടുംബം വിരുന്നുവന്നതായിരുന്നു. ഇതിനിടെയാണ് അപകടം. വീടിനുള്ളിലെ ശുചിമുറിയിൽ വെച്ചിരുന്ന ബക്കറ്റിലാണ് കുഞ്ഞ് വീണ് കിടന്നിരുന്നത്. ബക്കറ്റിനുള്ളിലെ വെള്ളത്തിലേക്ക് കുഞ്ഞ് കയ്യിട്ടു നോക്കാൻ ശ്രമിച്ചത് അപകടത്തിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ നിഗമനം.