ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംഘപരിവാറിനെതിരെ അടവുപരമായ സഖ്യമുണ്ടാക്കാനാണ് തീരുമാനം. നേതാക്കള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിൻകീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവരെന്ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തിൽനിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മോദിക്കെതിരെ ആഞ്ഞടിച്ചു. രാജ്യ പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും വേണ്ട നയങ്ങൾക്കു പകരം ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്നു മൻമോഹൻ പറഞ്ഞു.

Loading...

കോൺഗ്രസ് ഇപ്പോൾ അനുഭവസമ്പത്തിന്റെയും ഊർജത്തിന്റെയും സങ്കലനമാണെന്ന് യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറ‍ഞ്ഞു. അത് ഭൂതകാലത്തെ വർത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. കോൺഗ്രസ് പ്രവർത്തകർ ഉണരണമെന്നും പീഡിതർക്കു വേണ്ടി പൊരുതണമെന്നും രാഹുൽ പറഞ്ഞു.

അതേസമയം, ബിജെപിയെ താഴെയിറക്കാൻ കടുംപിടിത്തങ്ങൾ ഒഴിവാക്കി, വിട്ടുവീഴ്ചയുടെ പ്രായോഗിക രാഷ്ട്രീയത്തിനു തയാറാണെന്നു സൂചിപ്പിക്കുന്നതാണ് കോൺഗ്രസ് നിലപാട്. പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ ഓരോ സംസ്ഥാനത്തും വ്യത്യസ്ത ഫോർമുല ആവശ്യമാണെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രാദേശിക കക്ഷികൾക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അവരെ ഡ്രൈവിങ് സീറ്റിലിരുത്താൻ കോൺഗ്രസ് തയാറാവണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക നേതാക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള സഖ്യ ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ബിഹാറിൽ ആർജെഡിയും യുപിയിൽ എസ്പി – ബിഎസ്പി കൂട്ടുകെട്ടും മഹാരാഷ്ട്രയിൽ എൻസിപിയും കർണാടകയിൽ ജനതാദളു(എസ്)മാണ് കോൺഗ്രസുമായി സഖ്യചർച്ച നടത്തുക. പ്രാദേശിക കക്ഷികൾക്കു പൂർണമായി വഴങ്ങാതെ, സ്വന്തം സ്വാധീനം നിലനിർത്താൻ കഴിയുംവിധമുള്ള സീറ്റ് പങ്കിടലാണു ലക്ഷ്യം.