മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ഉള്ളി ‘ഫ്രീ’; കടയ്ക്ക് മുന്നില്‍ നീണ്ട ക്യൂ

ചെന്നൈ: ഇപ്പോള്‍ രാജ്യത്ത് താരമായിരിക്കുന്നത് ഉള്ളിയാണ്. പൊന്നിനേക്കാള്‍ വിലയാണ് ഉള്ളിക്ക്. ബംഗളൂരുവില്‍ ഉള്ളി വില ‘ഡബിള്‍ സെഞ്ച്വറി’ അടിച്ചപ്പോള്‍ തമിഴ്നാട്ടിലാകട്ടെ ഒരു കിലോയ്ക്ക് 180 രൂപയായി.

പക്ഷെ ഇവിടെ വിഷയം അതല്ല, ബിസിനസ്സുകാര്‍ പോലും ഇപ്പോള്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്കായി ഉള്ളിയെ ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനമാണ് ഉള്ളിയെ മാര്‍ക്കറ്റിങ് തന്ത്രമായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Loading...

ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി ‘ഫ്രീ’ ഇതാണ് സ്ഥാപനം നല്‍കുന്ന ഓഫര്‍. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ സ്ഥാപനത്തിന് മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങി. അതേസമയം തന്റെ തന്ത്രം ഫലിച്ചെന്നാണ് കടയുടമ അവകാശപ്പെടുന്നത്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഉള്ളി തിരഞ്ഞെടുക്കാനും കഴിയും.

‘എട്ടുവര്‍ഷം മുമ്ബ് തുടങ്ങിയ സ്ഥാപനമാണിത്. ഇതുവരെ ദിവസേന രണ്ട് മൊബൈല്‍ ഫോണ്‍ മാത്രമാണ് വിറ്റുപോയിരുന്നത്. എന്നാല്‍ ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ വില്‍പ്പന കൂടി. കഴിഞ്ഞ രണ്ടുദിവസമായി എട്ട് മൊബൈല്‍ഫോണുകളാണ് ഓരോദിവസവും വിറ്റുപോയത്- കടയുടമ പറഞ്ഞു. നേരത്തെ ബംഗളൂരുവിലെ മലയാളികള്‍ നടത്തുന്ന ഒരു കാര്‍ സര്‍വീസ് സെന്ററും ഇത്തരത്തില്‍ ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പിടി തരാതെ കുതിച്ചുയര്‍ന്ന് ഉള്ളി വില. ബെംഗളുരു നഗരത്തില്‍ ഉള്ളിയുടെ വില 200 രൂപയിലെത്തി. ഒരു കിലോ ഉള്ളിക്ക് 140 തൊട്ട് 200 രൂപ വരെയാണ് ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് ഇനിയും കൂടിയേക്കാമെന്നാണ് നഗരത്തിലെ വ്യാപാരികള്‍ പറയുന്നത്.

എന്നാല്‍, മതിയായ ഗുണനിലവാരമുള്ള ഉള്ളിയല്ല നഗരത്തിലെത്തിക്കുന്നതെന്നും ആരോപണമുണ്ട്. ഒരു മാസം മുമ്ബ് വരെ ഒരു ദിവസം 1.39 ലക്ഷം ടണ്‍ ഉള്ളിയാണ് നഗരത്തിലെത്തിയിരുന്നത്. നിലവില്‍ 36,000 ടണ്‍ ഉള്ളി മാത്രമാണ് നഗരത്തിലെ വില്‍പ്പനകേന്ദ്രങ്ങളിലെത്തുന്നത്.

കാലവര്‍ഷക്കെടുതിയില്‍ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ഉള്ളിക്കൃഷിയുടെ 70 ശതമാനവും നശിച്ചിരുന്നു. ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള ഇറക്കുമതിയിലാണ് നഗരത്തിലെ കച്ചവടക്കാരുടെ പ്രതീക്ഷ. ഡിസംബര്‍ 15ഓടെ ഇവിടെ നിന്നുള്ള ഉള്ളി നഗരത്തിലെത്തുമെന്നാണ് സൂചന. ബെംഗളൂരുവിലെ മൊത്തക്കച്ചവടക്കാരാണ് അയല്‍ ജില്ലകളിലേക്കും ഉള്ളി വിതരണം ചെയ്യുന്നത്. തമിഴ്നാട്ടില്‍ ഉള്ളി വില 180 രൂപയിലെത്തിയിരിക്കുകയാണ്. വില കുതിച്ചുയര്‍ന്നതോടെ ഉള്ളി തന്നെയാണ് എവിടെയും താരം. ഇതിനിടെ ഉള്ളി സമ്മാനമായി നല്‍കി പുതിയ ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രങ്ങളും മെനയുന്നവരുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഉല്‍‌പാദനത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഇടിവുണ്ടായത്, രാജ്യത്തുടനീളമുള്ള കാലാനുസൃതമല്ലാത്ത മഴ മൂലമുളള വിളനാശം, സര്‍ക്കാരുകളുടെ വില നിയന്ത്രണ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് എന്നിവയാണ് വ്യാപാരികള്‍ ഉള്ളി വില കൂടാനുണ്ടായ കാരണങ്ങളായി പറയുന്നത്. “ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മഴ മൂലം ഖാരിഫ് വിളയുടെ വ്യാപകമായ നാശനഷ്ടമുണ്ടായി. ഇതോടെ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവയുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതച്ച ആദ്യഘട്ട ഉള്ളി വലിയ തോതില്‍ കേടായി. അതിനാല്‍, ഒക്ടോബര്‍ രണ്ടാം വാരത്തില്‍ വിപണികളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ഉള്ളി വിതരണത്തില്‍ വലിയ ഇടിവുണ്ടായി. ഇതേത്തുടര്‍ന്ന് ഉള്ളി വില തുടര്‍ച്ചയായി ഉയരുകയാണ്”, മഹാരാഷ്ട്രയിലെ ലസല്‍ഗാവ് എപിഎംസി ചെയര്‍മാന്‍ ജയ്ദത്ത ഹോള്‍ക്കര്‍ പറഞ്ഞു.