സംസ്ഥാമത്ത് ഇന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം, ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ അധ്യയന വര്‍ഷത്തിന് ആരംഭം. സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരുന്നാണ് പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്ത് ആരംഭിക്കുന്നത്. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഓരോ വിഷയത്തിലും അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതിനായി ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഒരു സമയം ഒരേ ക്ലാസുകാര്‍ക്ക് വേണ്ടിയുള്ള ക്ലാസാണ് നടക്കുക. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ് നടക്കുക. തിങ്കളാഴ്ചത്തെ ക്ലാസുകള്‍ ഇതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് പുനസംപ്രേഷണം ചെയ്യും.

Loading...

ഇന്നത്തെ ടൈംടേബിള്‍ അനുസരിച്ച് പ്ലസ്ടു പഠനത്തിന് രാവിലെ എട്ടര മുതല്‍ 10.30 വരെയുളള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 8.30ന് ഇംഗ്ലീഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിത ശാസ്ത്രം, 10ന് രസതന്ത്രം എന്നിങ്ങനെയാണ് വിഷയങ്ങളും സമയക്രമവും.

11മണിക്കാണ് പത്താംക്ലാസ് പഠനം ആരംഭിക്കുന്നത്. ആദ്യം ഭൗതികശാസ്ത്രമാണ്. ഗണിതശാസ്ത്രം 11.30ന്, ജീവശാസ്ത്രം 12നും നടക്കും. പ്രൈമറി വിഭാഗത്തില്‍ ഒന്നാം ക്ലാസിന് 10.30നാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഷയമാണ് പഠിപ്പിക്കുക. രണ്ടാം ക്ലാസ് 12.30നാണ്. പൊതുവിഷയം തന്നെയാണ് പഠിപ്പിക്കുക.

മൂന്നാം ക്ലാസ് ഉച്ചയ്ക്ക് ഒരു മണിക്കാണ്. മലയാളമാണ് ആദ്യം ദിവസം. നാലാംക്ലാസിന് ഉച്ചയ്ക്ക് 1.30 ആണ് അനുവദിച്ചത്. ഇതനസരിച്ച് അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്ലാസില്‍ ഇംഗ്ലീഷാണ് വിഷയം. അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളമാണ് ആദ്യ ദിവസത്തെ പഠനവിഷയം. യഥാക്രമം 2, 2.30, 3 എന്നിങ്ങനെയാണ് സമയക്രമം. എട്ടാംക്ലാസ് ഗണിതശാസ്ത്രം ക്ലാസ് വൈകുന്നേരം 3.30നാണ്. രസതന്ത്രം ക്ലാസുമുണ്ട്. ഇത് നാലുമണിക്കാണ്. ഒമ്ബതാം ക്ലാസില്‍ ഇംഗ്ലീഷും ഗണിതശാസ്ത്രവുമാണ് പഠിപ്പിക്കുന്നത്. വൈകുന്നേരം 4.30നാണ് ഇംഗ്ലീഷ്, അഞ്ചിന് ഗണിത ശാസ്ത്ര ക്ലാസ് നടക്കും.

10,12 ക്ലാസുകാര്‍ക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവര്‍ക്കു ശനി, ഞായര്‍ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. പന്ത്രണ്ടാം ക്ലാസിലുളള നാലു വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുളള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേക്ഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.