ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ചത് പ്ലസ് ടു വിദ്യാർഥികൾ: 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചത് മുതിർന്നവരല്ല. വിദ്യാർത്ഥികൾ തന്നെയാണെന്നുള്ള ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. ‍കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ചത് പ്ലസ് ടു വിദ്യാർഥികളാണെന്നുള്ള വിവരമാണഅ പോലീസ് പുറത്തുവിടുന്നത്. 4 പേരാണ് അന്വേഷണത്തിനിടയിൽ അറസ്റ്റിലായിരിക്കുന്നത്. പുതുതായി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. മൊബൈൽ ഫോണുകൾ സൈബർ ക്രൈം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ അഡ്മിനുവേണ്ടി അന്വേഷണം ഊർജിതമാക്കി.

ബ്ലൂ ടീച്ചർ ആർമി എന്ന പേരിലായിരുന്നു അക്കൗണ്ട് തുടങ്ങിയത്. സംഭവത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അതീവ രഹസ്യമായാണ് പൊലീസ് നടപടികൾ പുരോഗമിക്കുന്നത്. അധ്യാപികമാര്‍ക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഫെയ്സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍, എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.

Loading...

സർക്കാരിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജന കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. അധ്യാപകർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് തൊട്ട് പിന്നാലെ ഇത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകരെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം അധ്യാപികമാരെ പരിഹസിച്ചത് സംസ്‌കാരശൂന്യരായ ചിലരാണെന്നും ഇത്തരക്കാർക്കെതിരെ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ ആഭ്യന്തരവകുപ്പിനെ സമീപിച്ചു. അധ്യാപികമാർക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.