റിയാദ്: വിദേശികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഫാമിലി വിസ ലഭ്യമായി തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓണ്‍ലൈന്‍ സേവന വിഭാഗം അറിയിച്ചു.

അബ്ശിര്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസക്ക് അപേക്ഷിക്കാം. ജവാസാത്തിന്റെ ഔദ്യോഗിക സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്തശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കയോസ്‌കുകള്‍ വഴി വിരലടയാളം നല്‍കി അബ്ശിര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ സേവനം ലഭ്യമാകും.

Loading...

തുടര്‍ന്ന് സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ സേവനങ്ങളുടെ കാറ്റഗറിയില്‍നിന്ന് റിക്രൂട്ടിങ് വിഭാഗവും തുടര്‍ന്ന് വിദേശികളുടെ ഫാമിലി വിസ എന്ന ഉപവിഭാഗവും തെരഞ്ഞെടുക്കുക. ശേഷം പുതിയ വിസ എന്ന വിഭാഗത്തില്‍ പ്രവേശിച്ച് ആവശ്യമായ വിവിരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കുക.

അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്റെ കോപ്പി പ്രിന്റ് ചെയ്ത് അപേക്ഷകന്‍ ഒപ്പിട്ട് ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സീല്‍ പതിപ്പിച്ച ശേഷം ചേംബറില്‍ നിന്ന് അറ്റസ്റ്റ് ചെയ്യുന്നതോടെ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി. അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച വിവരം പിന്നീട് സൈറ്റ് വഴി ലഭ്യമാകുന്നതാണ്. ഓണ്‍ലൈന്‍ ഫാമിലി വിസ നടപടികള്‍ അപേക്ഷ സമര്‍പ്പിച്ച തീയതി മുതല്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷകന്റെ ഇഖാമ അപേക്ഷിക്കുന്ന സമയത്ത് 90 ദിവസത്തിനുമേല്‍ കാലാവധി ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്‌ളെന്നും അധികൃതര്‍ വ്യക്തമാക്കി.