ലോക്ഡൗണിലും കുടിയന്മാര്‍ക്ക് കുശാല്‍;ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍

കൊറോണ വന്നാലും ഏത് മഹാമാരി വന്നാലും മദ്യം വിട്ടൊരു കളിക്ക് സര്‍ക്കാരില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസഥാനത്തെ ബാറുകളും ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും അടച്ചുപൂട്ടിയതോടെ ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്നതിന്റെ സാധ്യത തേടുകയാണ് സര്‍ക്കാര്‍. സംസഥാനത്ത് വ്യാജമദ്യം ഒഴുകാതിരിക്കാനാണ് പുതിയ നീക്കമെന്ന് സര്‍ക്കാര്‍ വാദം. എന്നാല്‍ ഖജനാവ് നിറയ്ക്കാന്‍ വേറെ വഴിയില്ലെന്ന വ്യക്തമായതോടെയാണ് മദ്യം ഓണ്‍ലൈന്‍ വഴി എത്തിക്കുന്നതിനുള്ള സാധ്യത തേടുന്നത്. ലോക്ഡൗണ്‍ എന്ന് കേട്ടപ്പോഴേ മദ്യം സ്‌റ്റോക്ക് ചെയ്യാന്‍ ഓടിയവരാണ് മലയാളികള്‍. ആ മലയാളികള്‍ക്ക് ഓണ്‍ലൈന്‍ ആയി മദ്യം എത്തിയാല്‍ അത്രയും സന്തോഷം.

21 ദിവസത്തേക്ക് ഇനി ബെവ്‌കോ ഔട്ട് ലെറ്റുകള്‍ തുറക്കേണ്ടെന്നാണ് തീരുമാനം. കള്ള് ഷാപ്പുകളും ഇന്ന് മുതല്‍ തുറക്കില്ലെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷനും തീരുമാനിച്ചു. ഇതോടെ സംസ്ഥാനം പരോക്ഷമായിട്ടെങ്കിലും സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ മദ്യത്തിലൂടെയുള്ള വരുമാനവും നിലച്ചാല്‍ സര്‍ക്കാരിന്റെ ഖജനാവ് ശൂന്യമാകും അതുകൊണ്ടാണ് പുതിയ മാര്‍ഗ്ഗം തേടുന്നത്. ഇന്നലെ ബാര്‍ കൌണ്ടറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ബാറുകളില്‍ ആളുകള്‍ കൂട്ടം കൂടിയിരുന്ന് കുടിയ്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബാറുകളെല്ലാം അടയ്ക്കാന്‍ ഞായറാഴ്ച തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. ഇതിന് പകരം ബാറുകളില്‍ മദ്യ കൗണ്ടറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

Loading...

കടുത്ത നിയന്ത്രണങ്ങളോടെ നടപ്പാക്കുന്ന ലോക്ക് ഡൗണിനിടയിലും മദ്യവില്‍പനശാലകളില്‍ കനത്ത തിരക്കനുഭവപ്പെടുകയും വരുമാനം മുടങ്ങിയ ബാര്‍ലോബി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വകാര്യ ബാര്‍ കൗണ്ടറുകള്‍ വഴി മദ്യം വില്‍ക്കാനുള്ള ആലോചന സര്‍ക്കാരും എക്‌സൈസ് വകുപ്പും ആരംഭിച്ചത്. ബെവ്‌കോ മദ്യവില്‍പനശാലകളിലെ അതേ വിലയ്ക്ക് മദ്യം വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് ബാര്‍ ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ അടുത്ത രണ്ട് ദിവസത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയും ചെയ്തു. ബാറുകള്‍ അടയ്ക്കുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ മുന്‍നിര്‍ത്തി ഇത്തരമൊരു കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രിയാണ് സ്ഥിരീകരിച്ചത്.

അവശ്യസര്‍വീസുകള്‍ ഒഴികെ ബാക്കിയെല്ലാ കടകളും പൂട്ടിയിട്ടും ബെവ്‌കോ മാത്രം പൂട്ടാത്തതില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. ഇതിന് പിന്നാലെ ദേശവ്യാപകമായി ലോക്ക് ഡൌണ്‍ കൂടി വന്നതോടെ ബെവ്‌കോയും പൂട്ടാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൌണിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട് ലെറ്റുകലുടെയും മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കാസര്‍കോട്ടും വടകരയിലും ഉള്‍പ്പടെ പലയിടത്തും പൊലീസിന് ലാത്തി വീശേണ്ടി വന്നു. ആളുകള്‍ക്ക് സാനിറ്റൈസര്‍ ഉള്‍പ്പടെ നല്‍കിയാണ് കടത്തി വിട്ടതെങ്കിലും കൂട്ടം കൂടി നില്‍ക്കരുതെന്ന് പല തവണ അധികൃതര്‍ പറഞ്ഞാലും അനുസരിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഇടയ്ക്ക് മുഖം മറയ്ക്കാതെയോ മാസ്‌ക് ധരിക്കാതെയോ എത്തുന്നവര്‍ക്ക് മദ്യം നല്‍കില്ലെന്ന് അധികൃതര്‍ നിലപാടെടുത്തെങ്കിലും ഒരു ഗുണവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ബെവ്‌കോ അടയ്ക്കാതെ വേറെ വഴിയില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും മദ്യത്തെ ഒഴിവാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. കുടിയന്മാരാണ് സര്‍ക്കാരിന്റെ മുതല്‍ക്കൂട്ട്. കൊറോണയല്ല ആകാശം ഇടിഞ്ഞ് വീണാലും കുടിയന്മാര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. അത വ്യക്തമായി അറിയാവുന്ന സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നത്. ഇനിയിപ്പോള്‍ കുടിയന്മാര്‍ക്ക് വീട്ടിലിരുന്ന് കുടിക്കാനുള്ള സൗകര്യം വരെ കൊറോണക്കാലത്ത് സര്‍ക്കാര്‍ ഒരുക്കിത്തരും.