ഓൺലൈൻ ഇടപാടിൽ അക്കൗണ്ട് നമ്പർ മാറി; നഷ്ടപ്പെട്ട 4.67 ലക്ഷം തിരിച്ചുകിട്ടാൻ നെട്ടോട്ടമോടി വ്യാപാരി

കോഴിക്കോട്: ഓൺലൈൻ സംവിധാനം വഴി നാലുമാസം മുമ്പ് അയച്ചപ്പോൾ ബാങ്ക് അക്കൗണ്ട് നമ്പർ മാറിപ്പോയതിനാൽ നഷ്ടപ്പെട്ട 4.67 ലക്ഷം തിരിച്ചുകിട്ടാൻ വ്യാപാരിയുടെ നെട്ടോട്ടം. കോഴിക്കോട് തണ്ണീർപന്തലിൽ എ.പി.എസ് എന്റർപ്രൈസസ് ഉടമ കെ.ആർ. പ്രദീപ്കുമാറാണ് കൈവിട്ടുപോയ പണത്തിനായി കാത്തിരിക്കുന്നത്.
എസ്.ബി.ടിയുടെ (ഇപ്പോൾ എസ്.ബി.ഐ) കക്കോടി ശാഖയിൽ നിന്നാണ് ജനുവരി ഏഴിന് പ്രദീപ്കുമാർ തുക കോർപ്പറേഷൻ ബാങ്കിന്റെ പാലക്കാട് കഞ്ചിക്കോട് ശാഖയിലെ പോപ്പുലർ ട്രേഡേഴ്സിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. ആർ.ടി.ജി.എസ്. ഫോറത്തിൽ പോപ്പുലർ ട്രേഡേഴ്സിന്റെ പേര് വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും അക്കൗണ്ട് നമ്പറിൽ ഒരു അക്കം തെറ്റിപ്പോയി. നമ്പറിലെ അവസാനത്തെ അക്കത്തിൽ 59 എന്നതിനു പകരം 69 എന്നാണ് രേഖപ്പെടുത്തിയത്. .പി.എസ്. എന്റർപ്രൈസസിന്റെ ഓവർഡ്രാഫ്റ്റ് അക്കൗണ്ടിൽ നിന്ന് ഇത്രയും തുക പിൻവലിച്ചെങ്കിലും പോപ്പുലർ ട്രേഡേഴ്സിൽ തുക കിട്ടിയില്ലെന്ന മറുപടിയാണ് പ്രദീപ്കുമാറിനു ലഭിച്ചത്. ഇതേത്തുടർന്നു കോർപ്പറേഷൻ ബാങ്കിന്റെ കഞ്ചിക്കോട് ശാഖയിൽ അന്വേഷിച്ചപ്പോൾ ഈ തുക ഡാരിഷ് ഫിലിപ് എന്നയാളുടെ അഗ്‌നി സ്റ്റീൽ ആൻഡ് ഹാർഡ്വേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നതെന്നും ഇയാൾ പണം പിൻവലിച്ചുവെന്നും വ്യക്തമായി. ഇതിനുശേഷം ഡാരിഷ് ഗൾഫിൽ പോയെന്നാണു ബാങ്ക് അധികൃതർ അറിയിച്ചത്.
കുറേ വർഷങ്ങളായി പ്രദീപ്കുമാർ ഇടപാട് നടത്തുന്നത് എസ്.ബി.ടിയുടെ കക്കോടി ശാഖയിലാണ്. ആർ.ടി.ജി.എസ്. സംവിധാനം വഴി പണമയയ്ക്കാൻ എത്തിയപ്പോൾ 4,67,034 രൂപയ്ക്കുള്ള ചെക്കും അനുബന്ധരേഖകളും സമർപ്പിച്ചിരുന്നു.
പണം നഷ്ടപ്പെട്ടപ്പോൾ ഈ ശാഖാ മാനേജർക്കും കോർപ്പറേഷൻ ബാങ്കിന്റെ കഞ്ചിക്കോട് ശാഖാമാനേജർക്കും പരാതി സമർപ്പിച്ചിരുന്നു. എന്നാൽ, നാലു മാസമായിട്ടും പണം തിരിച്ചുനൽകാൻ നടപടിയുണ്ടായിട്ടില്ല. ആർ.ടി.ജി.എസ്. ഫോറത്തിൽ പറഞ്ഞ പേരും അക്കൗണ്ട് നമ്പറും ഒത്തുനോക്കി തെറ്റില്ലെന്നു ബോധ്യപ്പെട്ടാൽ മാത്രമേ അക്കൗണ്ടിലേക്കു പണം മാറ്റാവൂ എന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധർ പറയുന്നു. ഇവിടെ പണം നൽകേണ്ട സ്ഥാപനത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടും മറ്റൊരു സ്ഥാപനത്തിനു പണം നൽകിയത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തൽ. നഷ്ടപ്പെട്ട തുകയുടെ പലിശയടക്കം ബാങ്കിൽ അടയ്ക്കേണ്ട ഗതികേടിലാണ് പ്രദീപ്കുമാർ.
പണം നഷ്ടപ്പെട്ടതിൽ എസ്.ബി.ടിയുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ബ്രാഞ്ച് മാനേജരുടെ നിലപാട്. കോർപ്പറേഷൻ ബാങ്കിന്റെ കഞ്ചിക്കോട് ശാഖ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മാനേജർ പറഞ്ഞു. തെറ്റായ നമ്പറിലേക്ക് തുക അയച്ചതാണ് പ്രശ്നത്തിനു കാരണമെന്നും തുക തിരിച്ചുകിട്ടാൻ ശ്രമിച്ചുവരിയാണെന്നും പ്രദീപ്കുമാറിന്റെ വക്കീൽ നോട്ടീസിനു മറുപടിയായി കോർപറേഷൻ ബാങ്കിന്റെ കഞ്ചിക്കോട് ശാഖാ മാനേജർ പറഞ്ഞു.
ജനുവരി ഏഴിനു വൈകിട്ട് 3.15- നാണ് പണം ട്രാൻ്സഫർ ചെയ്തത്. പിറ്റേ ദിവസം കഞ്ചിക്കോട്ട് ഹർത്താലായിരുന്നു. തെറ്റായ അക്കൗണ്ടിലേക്കാണ് പണം മാറിയതെന്ന് അറിയിച്ചപ്പോഴേയ്ക്കും കിട്ടിയ ആൾ പണം പിൻവലിച്ചിരുന്നു. ഒമ്പതിനു കഞ്ചിക്കോട് പോലീസിൽ പരാതി നൽകിയതായും മറുപടിയിൽ പറഞ്ഞു.