തിരുവനന്തപുരം: ഇന്ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്കൂളുകള്‍ ഒന്നും തുറക്കില്ല. ഓണ്‍ലൈനിലൂടെയാണ് ഇക്കുറി അധ്യയന വര്‍ഷം തുടങ്ങുന്നത്. വിക്ടേഴ്സ് ചാനലിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടക്കും. ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ട്. സ്കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനത്തോടെ പറയാന്‍ ഒരിക്കല്‍ അവര്‍ തുറന്നെതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിക്ടേഴ്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉപയോഗിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍. ഡി. എഫിന് 14 വര്‍ഷവും കൊവിഡും വേണ്ടിവന്നുവെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു. 2005ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് യു. ഡി. എഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്സ് ഇന്ന് രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വിദ്യാഭ്യാസ ചാനലാണ്.