സത്യം പുറത്തുവരും, മനോജിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ഉമ്മൻ ചാണ്ടി

ആലപ്പുഴ: സോളാർ കേസിലെ മുഖ്യപ്രതി കെ ബി ​ഗണേഷ് കുമാർ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. താൻ ഒരു ദൈവ വിശ്വാസിയാണ്.കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല, കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാം. ഇപ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല. താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സത്യം പുറത്തുവരും, അത് എല്ലാവർക്കും അറിയാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സോളാർ കേസിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സോളാർ കേസിന്റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തികര ബാധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്നു സർക്കാർ ആലോചിക്കണം. സത്യം എന്നായാലും പുറത്ത് വരും. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്നും സോളാര്‍ കേസില്‍ ഉള്‍പ്പെട്ട സ്ത്രീയെ നിയന്ത്രിച്ചത് ഗണേഷ് കുമാറാണെന്നും അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Loading...

പൊതുപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരികയെന്നത് സ്വാഭാവികമാണെന്നും അത് സഹിക്കുക എന്നല്ലാതെ അതിനെതിരെ പ്രതികാരം ചെയ്യുന്നത് തന്റെ അജണ്ടയിലുള്ള കാര്യമല്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അന്വേഷണ ഇനത്തില്‍ ഒരുപാട് തുക ചെലവായെന്നും ഇനിയും ചെലവ് കൂട്ടാനായി പുനരന്വേഷണത്തിന് താനായി ആവശ്യപ്പെടുകയില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.