അഞ്ച് ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയയ്ക്കായി വെല്ലൂരിലെത്തണം, ഉമ്മന്‍ചാണ്ടി ഇടപെട്ടു, കുഞ്ഞിന് ചികിത്സ ലഭിച്ചു

കുമ്പനാട്: ജനിച്ച് വീണ കുഞ്ഞിനെ ഓമനിക്കാന്‍ വെമ്പുന്നവരാകും മാതാപിതാക്കള്‍. എന്നാല്‍ ഈ സന്തോഷം വെറും അഞ്ച് ദിവസം വരെയേ നീണ്ടൊള്ളു. കുഞ്ഞിന്റെ സുഷുമ്‌ന നാഡിയില്‍ മാരകമായ തകരാര്‍ കണ്ടെത്തി. സ്പിനാ ബിഫിഡായും മൈലോ മെനിജോ സെലിയുമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തിരുവല്ല കുമ്പനാട് കല്ലറയ്ക്കല്‍ ഓമൂട്ടില്‍ വീട്ടില്‍ തോമസിന്റെ മകളായ ടീനയും ആറന്മുള ഇടശ്ശരിമല കാരുവേലില്‍ ജോര്‍ജ് മത്തായിടെയും കുഞ്ഞിനാണ് തകരാറുണ്ടായത്. ഇതിനിടെ കുട്ടിയെ വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളെജില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയാല്‍ രക്ഷിക്കാനാവുമെന്ന് അടൂരിലുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തമിഴ്‌നാട് സര്‍ക്കാര്‍ ഇവര്‍ക്ക് പ്രവേശനാനുമതി നല്‍കിയില്ല. ഇതിനിടെ ഇവരുടെ ബുദ്ധിമുട്ടുകള്‍ കോണ്‍ഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിന്‍ നീറുംപ്ലാക്കല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ എത്തിച്ചത്. ഉമ്മന്‍ചാണ്ടി വിഷയത്തില്‍ ഇടപെട്ടു. എയര്‍ ആംബുലന്‍സില്‍ കുഞ്ഞിനെ വെല്ലൂര്‍ക്ക് കൊണ്ടുപോകാനുള്ള സാധ്യതകള്‍ പരിശോധിച്ചു. എന്നാല്‍ രാത്രി ഒമ്പത് മണിയോട് കുട്ടിയെ റോഡ് മാര്‍ഗം വെല്ലൂരിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

Loading...

തമിഴ്‌നാട് ആരോഗ്യ മന്ത്രി ഡോ വിജയ ഭാസ്‌ക്കരുമായി ഉമ്മന്‍ ചാണ്ടി നേരിട്ട് സംസാരിച്ചതിനെ തുടര്‍ന്ന് വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളേജില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കി. കാഞ്ഞിരപ്പള്ളി സ്വദേശിയായ സൂരജ് മാത്യുവാണ് ഈ ജീവന്‍ മരണ ദൗത്യം ഏറ്റെടുത്ത് അതിവേഗം കുട്ടിയെ വെല്ലൂരില്‍ എത്തിച്ചത്.

രാത്രി പത്ത് മണിയോടെ പുറപ്പെട്ട ആംബുലന്‍സ് പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് വെല്ലൂരിലെത്തി. വാളയാര്‍ ചെക്ക് പോസ്റ്റ് മുതല്‍ കോയമ്പത്തൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് കുട്ടിയെ വെല്ലൂരില്‍ എത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കളായ ജോര്‍ജിനെയും ടീനയെയും കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയെ ഡോക്ടര്‍ കൂടിയായ തമിഴ്‌നാട് ആരോഗ്യ മന്ത്രി വിജയ് ഭാസ്‌കരറിന്റെ നിര്‍ദേശാനുസരണം ന്യൂറോ വിഭാഗം തലവനായ ഡോ ബൈലിസ് വിവേക്, രഞ്ജിത്ത് കെ മൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്.