കൊച്ചി മെട്രോയിലെ ജനകീയ യാത്ര; ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരായി

കൊച്ചി മെട്രോയില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളം എസിജെഎം കോടതിയില്‍ ഹാജരായി. കേസില്‍ മൊഴി നല്‍കാനാണ് ഉമ്മന്‍ ചാണ്ടി ഹാജരായത്. ജനകീയ മെട്രോ യാത്ര എന്ന പേരില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പരിപാടി കൊച്ചി മെട്രോയ്ക്ക് വന്‍ നാശനഷ്ടമുണ്ടാക്കിയ സംഭവത്തിലാണ് നടപടി.2017ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ ജനകീയ മെട്രോയാത്ര കൊച്ചി മെട്രോയ്ക്ക് വന്‍ നാശ നഷ്ടം ഉണ്ടാക്കിയെന്ന കേസിലാണ് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളം എസിജെഎം കോടതിയില്‍ ഹാജരായത്. ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങള്‍ക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മെട്രോ ആക്ട് പ്രകാരമായിരുന്നു ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തത്.

ആലുവ മുതല്‍ പാലാരിവട്ടംവരെയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തില്‍ മെട്രോ അതിക്രമിച്ച് കയറി ജനകീയ മെട്രോ യാത്ര നടന്നത്. നേതാക്കളും എംഎല്‍എമാരുമുള്‍പ്പടെ വന്‍ ജനക്കൂട്ടം മെട്രോയിലേക്ക് ഇടിച്ചു കയറിയതോടെ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം തന്നെ താറുമാറായിരുന്നു. ട്രെയിനില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതിനാല്‍ മെട്രോയുടെ സിഗ്‌നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായ. സുരക്ഷ സംവിധാനങ്ങള്‍ക്കും ഓട്ടോമാറ്റിക്സ് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ക്കും ജനകീയ യാത്ര നാശനഷ്ടമുണ്ടാക്കി. ആള്‍ക്കൂട്ടം ഒന്നിച്ച് കയറിയതോടെ ടിക്കറ്റ് പരിശോധന ഗേറ്റുകള്‍ തുറന്നുവയ്‌ക്കേണ്ടി വന്നു. 1000ത്തിലധികം പേര്‍ പങ്കെടുത്ത പരിപാടില്‍ ചുരുക്കം ചിലര്‍ മാത്രമായിരുന്നു ടിക്കറ്റെടുത്തിരുന്നത്. മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നതും മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതും പിഴയും ആറ് മാസവരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിപാടി വലിയ തലവേദനയാണുണ്ടാക്കിയത്. സാധാരണ യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ പോലും ഇടം ലഭിച്ചിരുന്നില്ല.

Loading...