കോവിഡ് രോഗം വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ചുമത്തി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ല: ഉമ്മൻചാണ്ടി

തിരുവനന്തപുരം: കോവിഡ് 19 മഹാമാരി വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേൽ ചുമത്തി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വർണക്കടത്തുകേസിൽ സർക്കാർ മൂക്കോളം മുങ്ങിയതിനെ തുടർന്നാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവവും വീഴ്ചയും ഉണ്ടായത് എന്നാണ് സർക്കാർ രേഖകളിൽ നിന്നു വ്യക്തമാകുന്നത്.

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഒന്നിലധികം മന്ത്രിമാരും സ്പീക്കറുമൊക്കെ സംശയത്തിന്റെ നിഴിലാണ്. ഒരോ ദിവസവും കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നു. സർക്കാരിന്റെ പ്രഥമ പരിഗണന ഇപ്പോൾ സ്വർണക്കടത്തു കേസിൽ എങ്ങനെ പിടിച്ചുനില്ക്കാം എന്നതിലാണ്. കോവിഡും പ്രളയവുമൊക്കെ അതു കഴിഞ്ഞേ വരുന്നുള്ളു. യുഎഇ കോൺസുലേറ്റിൽ നിന്നു സ്വർണം എത്തിയ ജൂൺ 30ന് കേരളത്തിൽ ആകെയുണ്ടായിരുന്നത് 131 കോവിഡ് രോഗികളാണ്. കള്ളക്കടത്തു പാഴ്‌സൽ തുറന്ന ജൂലൈ 5 ന് 225 രോഗികൾ. കേസ് എൻഐഎ ഏറ്റെടുത്ത ജൂലൈ 9ന് 339 രോഗികൾ. സ്വപ്‌നയും സന്ദീപും പിടിയിലായ ജൂലൈ 11ന് 488 രോഗികൾ. സ്വർണക്കടത്തു കേസ് ഊർജിതമായ ജൂലൈ 15 മുതലാണ് രോഗികളുടെ എണ്ണം കുതിച്ചു കയറുന്നത്- 623 പേർ. സമ്പർക്കത്തിലൂടെ 432 പേർ രോഗികളായി. ഉറവിടം അറിയാത്ത രോഗികളും രംഗപ്രവേശം ചെയ്തു- 37 പേർ. 34 പേർ മരിക്കുകയും ചെയ്തു.

Loading...

കള്ളക്കടത്ത് കേസ് ഓരോ ദിവസം സങ്കീർണമായിക്കൊണ്ടിരിക്കുമ്പോൾ കോവിഡ് കേസുകളും മുന്നേറുകയാണ്. ജൂലൈ 22ന് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ഇതിൽ 57 പേരുടെ ഉറവിടം അറിയില്ല. ഓഗസ്റ്റ് ഒന്നിന് 1129 രോഗികൾ, 36 പേരുടെ ഉറവിടം അറിയില്ല. 81 മരണം. ഓഗസ്റ്റ് 6ന് 1298 രോഗികൾ, 76 പേരുടെ ഉറവിടം അറിയില്ല. മരണസംഖ്യ 97. കള്ളക്കടത്തു കേസ് പുരോഗമിക്കുമ്പോൾ, സർക്കാരിന്റെ ശ്രദ്ധ പതറുന്നുവെന്നു വ്യക്തമാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.