കോട്ടയം: വി.എം സുധീരനെ പ്രശംസിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വി.എം സുധീരൻ നല്ല കെ.പി.സി.സി പ്രസിഡന്റാണ്. പാർട്ടിയുടെ നന്മയ്ക്കും വിജയത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രസിഡന്റാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഹൈക്കമാൻഡ് വഴങ്ങിയോ എന്ന ചോദ്യത്തിന് ഹൈക്കമാൻഡ് ആർക്കും വഴങ്ങാറില്ല, എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടശേഷം യുക്തമായ തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യുകയെന്നും മറുപടിയായി പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാധാരണ കാണാറുള്ള തർക്കങ്ങൾ ഇത്തവണയുണ്ടായിട്ടില്ല. താൻ അഴിമതിക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ജനങ്ങൾ തിരിച്ചറിയും. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം വാകത്താനത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...

അടൂർ പ്രകാശ് കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് അടൂർപ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഒരാഴ്ച നീണ്ട തർക്കത്തിന് ഇന്നാണ് പരിഹാരമായത്. അഴിമതി ആരോപണവിധേയരെ മാറ്റി നിർത്തണമെന്ന സുധീരന്റെ പിടിവാശി കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചില്ല. ആരോപണവിധേയരെ മാറ്റി നിർത്തിയാൽ താനും മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്ര നേതൃത്വം സുധീരനെ കൈവിട്ടത്.

ഇതോടെ കെ. ബാബുവും അടൂർ പ്രകാശും അടക്കം അഴിമതി ആരോപണവിധേയർക്കെല്ലാം മത്സരിക്കാൻ അവസരമൊരുങ്ങിയിരിക്കുകയാണ്. ആരോപണവിധേയരിൽ ആരെയും മാറ്റാനാകില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെയാണ് സുധീരൻ പിൻമാറിയത്.