ക്രിസ്തുമസ് കേക്ക് കഴിക്കാന്‍ ഒരുങ്ങുന്നവര്‍ ജാഗ്രതൈ.. കേക്കില്‍ വന്‍ തോതില്‍ മായം

ക്രിസ്തുമസ്, ന്യൂയര്‍ ആഘോഷങ്ങള്‍ പലയിടത്തും ആരംഭിച്ച് കഴിഞ്ഞു. കേക്കില്ലാതെ ക്രിസ്തുമസ് ആഘോഷം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത് മുതലെടുത്ത് തന്നെ പലതരത്തിലും പല വര്‍ണ്ണങ്ങളിലുമുള്ള കേക്കുകള്‍ ഇതിനോടകം തന്നെ വിപണി കീഴടക്കിക്കഴിഞ്ഞു… എന്നാല്‍ കേക്കുകള്‍ വാങ്ങുന്നവര്‍ ഒന്ന് സൂക്ഷിക്കുക, വന്‍ തോതിലുള്ള മായങ്ങള്‍ ചേര്‍ത്താണ് കേക്ക് വിപണിയിലെത്തുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു.

വൃത്തിഹീനമായ രീതിയില്‍ ഉണ്ടാക്കിയ കേക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നും കേക്ക് വാങ്ങിയ വീട്ടമ്മയ്ക്ക് ചിക്കന്റെ എല്ല് കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. കിസ്മസ് ആഘോഷിക്കാന്‍ കടയില്‍നിന്നു വാങ്ങിയ പ്ലം കേക്ക് വാങ്ങിയ വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവം. വീട്ടിലെത്തി കുട്ടികള്‍ക്കു മുറിച്ചു നല്കിയപ്പോഴാണ് കേക്കിനുള്ളില്‍ എന്തോ ഇരിക്കുന്നതായി കണ്ടെത്തിയത്. കേക്ക് കഴിക്കാന്‍ തുടങ്ങിയ കുട്ടിയാണ് കണ്ടെത്തിയത്. ഇത്തരം വാര്‍ത്തളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്

Loading...

ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും. കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ‘ഓപ്പറേഷന്‍ രുചി’ എന്ന പേരില്‍ ഒരു പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവത്സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.

ഇത്തരം പരിശോധനകളിലൂടെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. കേക്കുകളിലും മറ്റ് മധുരപലഹാരങ്ങളിലും ചേര്‍ക്കുന്നത അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍, കൃത്രിമ കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങി എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ചേര്‍ക്കുന്നുണ്ടെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചത്. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ നിയമാനുസൃതമല്ലാതെ ഉപയോഗിക്കുന്നതും ഇവ ചേര്‍ത്ത് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പെടെ ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും കര്‍ശനമായി നിരീക്ഷിക്കുന്നതാണ്. മാത്രമല്ല കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരില്‍ 18004251125 അറിയിക്കാം.