ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ കേന്ദ്രം മാർഗ്ഗനിർദ്ദേശം പുറത്തിറക്കി: ആരാധനാലയങ്ങളിൽ പ്രവേശിക്കുമ്പോഴും മുഖാവരണം നിർബന്ധം: നിർദ്ദേശങ്ങൾ ഇവയൊക്കെ

ദില്ലി: രാജ്യത്ത് ലോക്ഡൗഡിനെത്തുടര്‍ന്ന് അടച്ചിട്ട ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ കേന്ദ്രം മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്, പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കരുത്, സമൂഹപ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായ കൊണ്ടുവരണം, കൊവിഡ് ലക്ഷണില്ലാത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. കൊയറും പ്രാർത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകൾ അനുവദിക്കരുത്. വിഗ്രഹങ്ങളിലും മൂർത്തികളിലും തൊടാൻ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം വേണം, ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്, ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കുകയോ അല്ലെങ്കില്‍ പ്രത്യേകമായോ വയ്ക്കുക എന്നിവയും മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുക, വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ ഒഴിവാക്കുക, തത്സമയ ചടങ്ങുകള്‍ ഒഴിവാക്കുക, കഴിവതും റെക്കോഡ് ചെയ്ത ആത്മീയ ഗാനങ്ങളും വാദ്യമേളങ്ങളും ഉപയോഗിക്കുക, മുതിര്‍ന്നവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ വീടുകളില്‍ കഴിയുക എന്നിവയും നിര്‍ദ്ദേശത്തിലുണ്ട്.

Loading...

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നില്ല. ഇതോടൊപ്പം ഷോപ്പിംഗ് മാളുകളും റസ്റ്റോറൻറുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. റെസ്റ്റോറൻറുകളിൽ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഷോപ്പിംഗ് മാളുകളിൽ കയറാനും ഇറങ്ങാനും പ്രത്യേകം വാതിൽ വേണം. ഫുഡ് കോർട്ടിൽ പകുതി സീറ്റുകളിലേ ആൾക്കാരെ ഇരുത്താനാവൂ. മാളിലെ കുട്ടികൾക്കുള്ള കളിസ്ഥലം അടച്ചിടണം. സിനിമാ ഹാളുകൾ അടഞ്ഞു തന്നെ കിടക്കണം. ഓഫീസുകളിൽ പരമാവധി സന്ദർശകരെ ഒഴിവാക്കണം. ഓഫീസുകളിൽ ഒന്നോ രണ്ടോ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ പൂർണ്ണമായും അടക്കേണ്ടെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.