ഓര്‍ലാന്‍ഡോ വെടിവെയ്പ്പ്: കൊലയാളി ആക്രമണം നടത്തുമെന്ന് ഭാര്യക്ക് അറിവുണ്ടായിരുന്നു

ഓര്‍ലാന്‍ഡോ വെടിവെയ്പ്പ് ആക്രമണക്കേസിലെ പ്രതി ഉമര്‍ മതീന്റെ ഭാര്യ നൂര്‍ സല്‍മാന് സംഭവത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് പൊലീസ്. ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുമെന്ന് ലോ എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വെടിവെയ്പ്പിനെ കുറിച്ച് ചില വിവരങ്ങളെങ്കിലും അവര്‍ക്ക് അറിയാമായിരുന്നുവെന്ന് യുഎസ് സെനറ്റ് മെബര്‍ ആംഗസ് കിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂര്‍ സല്‍മാന് ഇതേക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഫ്‌ളോറിഡയിലെ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള നിശാ ക്ലബ്ബില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെയ്പ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ആധുനിക അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വെടിവെയ്പ്പ് ആക്രമണമായിരുന്നു ഇത്. അക്രമത്തിന് തൊട്ടുമുന്‍പ് തോക്കുധാരിയായ ഒമര്‍ മതീന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ അന്വേഷണത്തില്‍ പ്രതിക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല.