പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ല; ഓർത്തഡോക്സ് സഭ

പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്സ്‌ സഭ. ക്രൈസ്തവരുടെ കാര്യം നോക്കാൻ പി സി ജോർജിനെ ഏൽപ്പിച്ചിട്ടില്ലെന്ന് തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. എൽഡി എഫും യു ഡി എഫും എടുക്കാത്തതുകൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭ നേതാക്കളുടെ നർകോടിക് ജിഹാദ്, ലവ് ജിഹാദ് ആരോപണം അവരുടെ വ്യക്തി താത്പര്യമാണ്. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

അതേസമയം ക്രൈസ്തവർക്കിടയിലെ മുസ്ലിംവിരുദ്ധ വികാരം മുതലെടുക്കാൻ പി.സി. ജോർജിന്റെ അറസ്റ്റിനെ ആയുധമാക്കുകയാണ് ബി.ജെ.പി. പി.സി. ജോർജിന്റെ സാന്നിദ്ധ്യത്തിൽ ഇന്നത്തെ പ്രചാരണം തകർക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. എന്തായാലും വിവിധ വിഷയങ്ങളില്‍ ഇന്നും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരും. അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേസമയം പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികള്‍ക്ക്.

Loading...

എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വോട്ട് ചെയ്ത് അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടു. താൻ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്തിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ ആ സമുദായത്തെ അപ്പാടെ അപമാനിച്ചെന്ന് വരുത്തിത്തീർത്ത് വോട്ട് തട്ടാനാണ് ഇരു മുന്നണികളുടെയും ശ്രമം. ക്രിമിനൽ ​ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ തന്റെ അറസ്റ്റ്. ഇപ്പോൾ മുളച്ചുപൊങ്ങിയ ചെറു പാർട്ടികൾ പിണറായിയുടെ ബി ടീമാണ്. സുറിയാനി വീടുകളിൽ റോഷി അ​ഗസ്റ്റിനും ലാറ്റിൻ ക്രിസ്ത്യൻ വീടുകളിൽ ആന്റണി രാജുവും ഈഴവവീടുകളിൽ മണിയാശാനും മുസ്ലിം വീടുകളിൽ മുഹമ്മദ് റിയാസുമാണ് കയറിയിറങ്ങുന്നത്. ജോതി നോക്കിയാണ് ഇടതുപക്ഷം വോട്ട് പിടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.