കുമ്പസാരം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികന് ജാമ്യം

കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന് ജാമ്യം.ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയാണ് ജോണ്‍സണ്‍. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

2009ലായിരുന്നു ജോബ് മാത്യുവിന് മുന്നിൽ വീട്ടമ്മ കുമ്പസാരം നടത്തിയത്. ഈ വിവരം ജോബ് മാത്യു മറ്റ് വൈദികരുമായി പങ്കുവയ്ക്കുകയും തുടർന്ന് ഓരോരുത്തരായി പീഡിപ്പിക്കുകയായിരുന്നെന്നും വീട്ടമ്മ മൊഴി നൽകി.

അതിനിടെ അദ്ധ്യാപികയായ വീട്ടമ്മയുടെ കുമ്പസാരം കേട്ട നിരണം ഭദ്രാസനത്തിലെ വൈദികൻ സുഹൃത്തുക്കളായ വൈദികരോടു മാത്രമല്ല പള്ളിയോട് അടുത്തസമ്പർക്കം പുലർത്തുന്ന അൽമേനികൾക്കും രഹസ്യം കൈമാറിയെന്ന വിവരവും പുറത്തുവന്നു. ഇതേക്കുറിച്ച് നൂറു രൂപ പത്രത്തിൽ വീട്ടമ്മയായ യുവതി സഭാ അധികൃതർക്ക് സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെ ഭർത്താവിന്റെ ആരോപണം ഭാര്യ ശരിവച്ചു.

കുമ്പസാര രഹസ്യം ഭർത്താവിനോട് പറയുമെന്ന് പറഞ്ഞാണ് നിരണം ഭദ്രാസനത്തിലെ വൈദികൻ ആദ്യം കൊച്ചിയിലെ ഒരു സ്റ്റാർ ഹോട്ടലിലെത്തിച്ച് വീട്ടമ്മയെ പീഡിപ്പിച്ചത്. തുടർന്ന് നാല് വൈദികരും ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ഇതുകൂടാതെ നാല് അൽമേനികളും ഇതുപറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പറയുന്നു. വൈദികരായ എബ്രഹാം വർഗീസ്, ജെയ്സ് കെ.ജോർജ്, ജോബ് മാത്യു,ജോൺസൺ വി.മാത്യു, എന്നിവരുടെ പേരുകൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അൽമേനികളുടെ പേരുകൾ വ്യക്തമാക്കിയിട്ടില്ല. നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ വൈദികരാണ് ആരോപണവിധേയരായിരിക്കുന്നത്.