അഭിമാന നേട്ടം, ജല്ലിക്കെട്ട് ഇന്ത്യയുടെ ഓസ്കര്‍ എൻട്രി‍

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട് ഇന്ത്യയിൽ നിന്നുള്ള ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ജല്ലിക്കെട്ട്. വിദേശചിത്ര വിഭാഗത്തിലാണ് സിനിമ മൽസരിക്കുക. ഒരു പോത്തിന് പിന്നാലെ പായേണ്ടിവരുന്ന ഒരു ജനതയുടെ ജീവിതമാണ് ലിജോയുടെ സിനിമ പറയുന്നത്. ‌‌

ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ സിനിമ ധാരാളം പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് പുതിയ നേട്ടത്തിലേക്ക് എത്തുന്നത്. ഗോവൻ ചലച്ചിത്ര മേളയിൽ‌ രജതമയൂരം നേടിയതും ജെല്ലിക്കെട്ടാണ്. ഐഎഫ്എഫ്കെ 2019–ലും സിനിമ നേട്ടങ്ങൾ കരസ്ഥമാക്കി.

Loading...

1997–ൽ ഗുരു, 2011–ൽ ആദാമിന്റെ മകൻ അബു എന്നീ സിനിമകളാണ് ഇതിനു മുമ്പ് ഓസ്കർ എൻട്രി ലഭിച്ച മലയാള സിനിമകൾ. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെയുള്ള നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിരുന്നു.