ലണ്ടന്‍: ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് കുരങ്ങുകളില്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. വാക്സിൻ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വർധിച്ചെന്നും ദോഷകരമായ പ്രതിപ്രവർത്തനം ഉണ്ടായില്ലെന്നും ഗവേഷകർ അറിയിച്ചു. ആറ് കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട തയറാക്കിയിട്ടുള്ളത്. കോവിഡിന്റെ മാരക പ്രത്യാഘാതമായ ന്യൂമോണിയ, വാക്സിൻ പരീക്ഷിച്ച കുരുങ്ങുകൾക്കു പിടിപെട്ടില്ലെന്നതു പ്രതീക്ഷ നൽകുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
കുരങ്ങുകളിൽ ഉള്ള പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും വാക്സിന് പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് സര്‍വകലാശാലയെന്നും വിവരങ്ങളുണ്ട്. എന്നാല്‍ പഠനഫലം സംബന്ധിച്ച് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെ ശാസ്ത്രീയ അവലോകനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ശ്വാസകോശ സ്രവങ്ങളിലും ശ്വാസനാളത്തിലും വൈറസുകളുടെ പെരുക്കം കുരങ്ങുകളിൽ കുറവായിരുന്നു. എന്നാൽ മനുഷ്യരിൽ നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലം കൂടി വന്നാൽ മാത്രമേ വാക്സിൻ ഫലപ്രദമാണെന്നു പറയാൻ സാധിക്കൂ. ആദ്യ ഫലം അടുത്തമാസം തന്നെ വ്യക്തമാകുമെന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ വാക്സിനോളജി പ്രഫസർ സാറ ഗിൽബർട്ട് പറഞ്ഞു.
മനുഷ്യനിലും പരീക്ഷണം വിജയിച്ചാൽ ലോകത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്ത ജനവിഭാഗങ്ങളിലും പരീക്ഷണം നടത്തും. അതിനു ശേഷമേ വ്യാവസായിക ഉൽപാദനം തുടങ്ങൂ. ഇന്ത്യ ഉൾപ്പെടെ ഈ ഗവേഷണത്തിൽ പങ്കാളിയാണ്. കുരങ്ങുകളുടെ ശ്വാസകോശത്തിനുണ്ടാകുമായിരുന്ന പരിക്കുകള്‍ തടയാന്‍ വാക്സിന് കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒറ്റ ഷോട്ട് വാക്സിന് നല്കിയ ചില കുരങ്ങുകള്‍ 14 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെതിരെ ആന്റി ബോഡികള്‍ വികസിപ്പിച്ചതായും 28 ദിവസത്തിനുള്ളില്‍ എല്ലാ സുരക്ഷിത ആന്റിബോഡികളും വികസിപ്പിച്ചതായും പഠന റിപ്പോര്‍ട്ട് പറയുന്നു.