പി സി ജോർജ് ഇന്ന് ജയിലിൽ തുടരും; ഇടക്കാല ജാമ്യ ഹർജി നാളെ പരി​ഗണിക്കും

വിദ്വേഷ പ്രസംഗ കേസിൽ റിമാന്റിലുള്ള പി സി ജോർജ് ഇന്ന് ജയിൽ തന്നെ തുടരും. ഇടക്കാല ജാമ്യം തേടിയുള്ള പി സി ജോർജിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. വിദ്വേഷ പ്രസം​ഗം നടത്തിയ ഒരാളെ കസ്റ്റഡിയിൽ വെച്ചതുകൊണ്ട് പൊലീസിന് എന്താണ് ചെയ്യാനുള്ളതെന്നാണ് കോടതി ആരാഞ്ഞത്. വീഡിയോ റെക്കോർഡുകൾ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം വേണം എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി.സി.ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ജോ‍‍ർജിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. ഇതിനുമുന്നോടിയായി ജനറൽ ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. പി.സി.ജോർജ് തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്നതിൽ ഗൂഢാലോചനയുണ്ട് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ​ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പി.സി.ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ മജിസ്ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോർജ്, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജോ‍ർജ്, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Loading...