കൊല്ലം കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. പി സി വിഷ്ണുനാഥ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസമായി ഐസൊലേഷനിലായിരന്നുവെന്നും പരിശോധിച്ചപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതായും പി സി വിഷ്ണുനാഥ് പറഞ്ഞു.
ഇതോടെ കൊല്ലം ജില്ലയിൽ കൊവിഡ് രോഗബാധിതരാകുന്ന എംഎൽഎമാരുടെ എണ്ണം മൂന്ന് ആയി. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്, പുനലൂർ എംഎൽഎ പി എസ് സുപാൽ എന്നിവരും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. ഇന്നലെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനും മുൻ മന്ത്രി ഇ ചന്ദ്രശേഖരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുപരിപാടികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, മതപരമായ ചടങ്ങുകൾ, മരണ, വിവാഹ ചടങ്ങുകൾ എന്നിവക്ക് ഇനി 50 പേരെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ പ്രവേശനം ഇനി കൺട്രോൾ റൂം വഴിയാകും.