വെണ്ണപ്പഴമാണോ മന്ത്രി കഴിക്കുന്നത്.. നിര്‍മ്മല സീതാരാമനെ പരിഹസിച്ച്‌ പി ചിദംബരം

ന്യൂഡല്‍ഹി : വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ബാസ്‌കറ്റില്‍ ഉള്ളിയുമായാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിക്കാനെത്തിയത്. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ മുന്‍കേന്ദ്രമന്ത്രി പി ചിദംബരവും പ്രതിഷേധത്തില്‍ പങ്കെടുത്തു. 105 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇന്നലെ വൈകീട്ടാണ് ചിദംബരം പുറത്തിറങ്ങിയത്.

ഉള്ളിയുടെ വന്‍ വിലക്കയറ്റത്തെ സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കിയ മറുപടിയെ പി ചിദംബരം പരിഹസിച്ചു. താന്‍ ഉള്ളി കഴിക്കാറില്ല എന്നു പറഞ്ഞതിലൂടെ, നിര്‍മ്മല സീതാരാമന്‍ ഉദ്ദേശിച്ചത് എന്താണ് ? പിന്നെ വെണ്ണപ്പഴമാണോ മന്ത്രി കഴിക്കുന്നതെന്ന് ചിദംബരം ചോദിച്ചു.

Loading...

രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ വിശദീകരിക്കവേയാണ് ധനമന്ത്രിയുടെ അസാധാരാണ മറുപടിയുണ്ടായത്. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ല. ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നുമാണ് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്.

ന്ത്രിയുടെ പരാമര്‍ശം സഭയിലെ മറ്റംഗങ്ങളില്‍ ചിരി പടര്‍ത്തി. ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്നും ഇതിനിടെ ഒരു സംഭാംഗം പറയുകയുണ്ടായി.

ഉള്ളി വില ഉയരുന്നത് ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മന്ത്രി വിശദീകരിച്ചു. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവുള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു തുടങ്ങിയ കാര്യങ്ങള്‍ നടക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു.

ഇടപാടുകളില്‍ നിന്ന് ദല്ലാള്‍മാരേയും ഇടനിലക്കാരേയും പൂര്‍ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉള്ളിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.