ഹര്‍ജി സി.ബി.ഐ കോടതി തള്ളി, ചിദംബരം തീഹാര്‍ ജയിലില്‍ തുടരും

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കീഴടങ്ങാന്‍ ചിദംബരം നല്‍കിയ ഹര്‍ജി കോടതി തള്ളി. ഡല്‍ഹി റോസ്‌അവന്യു സി.ബി.ഐ കോടതിയാണ് ഹര്‍ജി തള്ളിയത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം സെപ്തംബര്‍ 5ന് സുപ്രീംകോടതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിനാല്‍ ചിദംബരം കീഴടങ്ങല്‍ അപേക്ഷ നല്‍കുകയായിരുന്നു.

ഈ അപേക്ഷ കോടതി അനുവദിക്കുകയാണെങ്കില്‍ തീഹാര്‍ ജയിലില്‍ നിന്ന് ഇ.ഡി കസ്റ്റഡിയില്‍ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് ചിദംബരത്തെ മാറ്റുമായിരുന്നു. അതേസമയം, ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോര്‍സ്മെന്റ് കോടതിയെ അറിയിച്ചു. ഇതിനാല്‍ ചിദംബരം തീഹാര്‍ ജയിലില്‍ തന്നെ തുടരും.

Loading...

അതേസമയം, ഐ.എന്‍.എക്സ് മീഡിയ കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പി.ചിദംബരം ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് സുരേഷ് കെയ്റ്റ് ഏഴുദിവസത്തിനുള്ളില്‍ തത്‌സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ജി സെപ്തംബര്‍ 23 ന് വീണ്ടും പരിഗണിക്കും. കേസ് രാഷ്ട്രീയപകപോക്കലാണെന്ന്ചിദംബരത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. 2007 – 2008 കാലത്ത് നടന്ന സംഭവങ്ങളില്‍ 2017ലാണ് കേസെടുത്തത്. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരു തവണ മാത്രമാണ് ചോദ്യം ചെയ്തത്. സിബല്‍ ചൂണ്ടിക്കാട്ടി. ദിവസവും ചിദംബരത്തെ കാണാന്‍ കുടുംബത്തെ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.