അപൂർവ കീഴ്‍വഴക്കം… ചിദംബരത്തിന് നേരിട്ട് വാദിക്കാൻ അനുമതി

ന്യൂഡൽഹി : അപൂർവ കീഴ്‍വഴക്കം… ചിദംബരത്തിന് നേരിട്ട് വാദിക്കാൻ അനുമതി. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയിൽ ദില്ലി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയിൽ വാദം തുടരുന്നു. കേസ് വാദം നടക്കുന്നതിനിടെ, തനിയ്ക്ക് നേരിട്ട് വാദിച്ചാൽ കൊള്ളാമെന്ന് അഭിഭാഷകൻ കൂടിയായ ചിദംബരം ആവശ്യപ്പെട്ടു.

എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. സിബിഐയ്ക്ക് വേണ്ടിയാണ് തുഷാർ മേത്ത വാദിച്ചത്. പക്ഷേ കോടതി സംസാരിക്കാൻ ചിദംബരത്തിന് അനുമതി നൽകുകയായിരുന്നു.

Loading...

സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് ചിദംബരം കോടതിയെ അറിയിച്ചു. അന്വേഷണത്തോട് എന്നും പൂർണമായും സഹകരിച്ചിരുന്നു. വിദേശത്തേക്ക് പോകില്ലെന്നതുൾപ്പടെ താൻ സിബിഐയ്ക്ക് എഴുതി നൽകിയിട്ടുള്ളതാണ്.

സംശയമുണ്ടെങ്കിൽ 2018 ജൂൺ 6-നുള്ള കേസ് രേഖകൾ പരിശോധിക്കണം. തനിക്ക് വിദേശത്ത് അക്കൗണ്ടില്ല. മകൻ കാർത്തിയ്ക്ക് മാത്രമാണ് വിദേശത്ത് അക്കൗണ്ടുള്ളത്. എന്നിട്ടും തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ചിദംബരം.

കേസിൽ ആദ്യം വാദം നടന്നത് സിബിഐയുടേതായിരുന്നു. ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേൽ ചുമത്തിയിരുന്നതാണെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും എസ്‍ജി കോടതിയിൽ വാദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

മിണ്ടാതിരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമായിരിക്കാം. പക്ഷേ കേസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം ഒരിക്കലും ചിദംബരം നൽകിയില്ലെന്ന് കോടതിയിൽ സോളിസിറ്റർ ജനറൽ വാദിച്ചു.

മറ്റ് പ്രതികളോടൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്‍ജി വാദിച്ചു

ദില്ലി ഹൈക്കോടതിയിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് ജെ. ഗൗർ നടത്തിയ വിധിപ്രസ്താവവും കോടതിയിൽ എസ്‍ജി പരാമർശിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും കോടതി വിധിയിൽ പരാമർശിച്ചത് മേത്ത ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിൽ ചിദംബരം തുടരേണ്ടതുണ്ടെന്നും എങ്കിലേ അന്വേഷണം ഫലപ്രദമാകൂ എന്നും സിബിഐ. കേസ് ഡയറിയും അന്വേഷണത്തിന്‍റെ നാൾവഴിയും കോടതിയ്ക്ക് മുമ്പാകെ സമർപ്പിച്ചു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് സിബിഐക്ക് വേണ്ടി ഹാജരായ എസ്‍ജി വാദിച്ചു. ഇന്ദ്രാണി മുഖർജിയുമായുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും സിബിഐ വ്യക്തമാക്കി. ഇതിന് പിൻബലമായിട്ടാണ് കേസ് ഡയറിയടക്കമുള്ള രേഖകൾ സിബിഐ കോടതിയിൽ ഹാജരാക്കിയത്.

മാത്രമല്ല, ചോദ്യം ചെയ്യലിലുടനീളം മുൻ ധനമന്ത്രി സഹകരിച്ചില്ലെന്ന് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടി. വലിയ രേഖകൾ അടക്കം പരിശോധിക്കാനുള്ള അഴിമതിക്കേസായതിനാൽ ഒരു ദിവസത്തെ കസ്റ്റഡി മതിയാകില്ലെന്നാകും സിബിഐ കോടതിയിൽ വാദിക്കുക. കൂട്ടു പ്രതികളോടൊപ്പം ചിദംബരത്തെ ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. ഓരോരോ രേഖകളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു.

അതേസമയം, ഇതിനെ ഖണ്ഡിക്കുന്ന വാദങ്ങളാണ് കപിൽ സിബൽ ഉന്നയിച്ചത്. ഇന്ദ്രാണി മുഖർജി കൊലക്കേസ് പ്രതിയാണ്. സ്വന്തം മകളെ വധിച്ച കേസിൽ പല തവണ മൊഴി മാറ്റിയ ഇന്ദ്രാണി മുഖർജിയുടെ മൊഴി ആരെങ്കിലും വിശ്വസിക്കുമോ എന്ന് കപിൽ സിബൽ ചോദിച്ചു. പണം ഐഎൻഎക്സ് മീഡിയയിൽ നിന്നോ ഇന്ദ്രാണി മുഖർജിയിൽ നിന്നോ വാങ്ങിയെന്നതിന് തെളിവെവിടെ? ആ പണം എവിടെ, എങ്ങനെ, ആരുടെ അക്കൗണ്ട് വഴി, എപ്പോൾ, ആരുടെ അക്കൗണ്ടിലിട്ടു? ആ തെളിവുകൾ സിബിഐ പറയാത്തതെന്ത്? – സിബൽ ചോദിച്ചു.

കേസിൽ കരട് കുറ്റപത്രം തയ്യാറാക്കിയെങ്കിൽ ഇപ്പോഴെന്തിനാണ് കസ്റ്റഡി? എന്തിനാണ് ചോദ്യം ചെയ്യുന്നത്? എന്ത് വിവരങ്ങളാണ് സിബിഐയ്ക്ക് വേണ്ടത്? അന്വേഷണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും സഹകരിച്ചിരുന്നയാളായിരുന്നു ചിദംബരം. അതുകൊണ്ട്, ഇപ്പോഴുള്ള ഈ അറസ്റ്റ് നാടകം തീർത്തും അപ്രസക്തമാണ് – സിബൽ വാദിച്ചു.

ധനമന്ത്രിയെന്ന നിലയിൽ ചിദംബരമാണ് ഇതിന്‍റെ പിന്നിലെ പ്രധാനകണ്ണിയെന്ന ആരോപണത്തെയും സിബൽ എതിർത്തു. ഫോറിൻ ഇൻവെസ്റ്റ്മെന്‍റ് ബോർഡിൽ ആറ് ഡയറക്ടർമാരാണുണ്ടായിരുന്നത്. അവരെല്ലാവരും ചേർന്ന് ചർച്ച ചെയ്താണ് ഈ തീരുമാനം ധനമന്ത്രിക്ക് ശുപാർശ ചെയ്തത്. അതിൽ ഒപ്പുവയ്ക്കുക മാത്രമാണ് ചിദംബരം ചെയ്തത്. അതിൽ ഒരു തരത്തിലുമുള്ള അഴിമതിയുമുണ്ടായിരുന്നില്ല. എന്ത് അന്വേഷണത്തോടും സഹകരിക്കാൻ ചിദംബരം തയ്യാറാണ് – സിബൽ വാദിച്ചു.

മൂന്ന് മണിക്കൂറോളമാണ് ഇന്ന് ചിദംബരത്തെ ഇന്ന് സിബിഐ ചോദ്യം ചെയ്തത്. ഇന്നലെ രാത്രി ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ചിദംബരത്തോട് ഇന്ന് സിബിഐ പീറ്റർ, ഇന്ദ്രാണി മുഖർജി ദമ്പതിമാരെക്കുറിച്ചാണ് ചോദിച്ചത്. അവരെ ഇതുവരെ കണ്ടിട്ട് പോലുമില്ലെന്നും അറിയില്ലെന്നും ചിദംബരം സിബിഐ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.