പി ജയചന്ദ്രന് ജെ സി ഡാനിയേൽ പുരസ്കാരം

തിരുവനന്തപുരം: 2020ലെ ജെ സി ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രൻ അർഹനായി.മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്ന പി.ജയചന്ദ്രൻ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ജെ.സി ഡാനിയേൽ അവാർഡ് ജേതാവ് അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ, നടി സീമ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാര സമർപ്പണം 2021 ഡിസംബർ 23ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.56 വർഷം മുമ്പ് 1965ൽ ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ചിത്രത്തിൽ പി. ഭാസ്കരന്റെ രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രൻ വിവിധ ഭാഷകളിലായി പതിനായിരത്തിൽപ്പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1985ൽ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരം നേടി. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ നേടിയിട്ടുണ്ട്.

Loading...