ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ മുന്‍ ഗവര്‍ണര്‍ പി സദാശിവം രംഗത്ത്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ നിലപാടിനെതിരെ മുന്‍ ഗവര്‍ണര്‍ പി.സദാശിവം രംഗത്ത്.

കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്ബോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ഭരണഘടന ബാധ്യത സംസ്ഥാന സര്‍ക്കാറിനില്ലെന്നാണ് മുന്‍ ഗവര്‍ണര്‍ ആയിരുന്ന പി.സദാശിവം പറഞ്ഞത്.

Loading...

ചില നിയമനിര്‍മ്മാണം നടത്തുമ്ബോള്‍ മര്യാദയെന്ന നിലയില്‍ സര്‍ക്കാരിന് ഗവര്‍ണറെ അറിയിക്കാമെന്നും എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്നുള്ള നിയമപരമായ ബാധ്യത ഇല്ലെന്നുമാണ് ഇക്കാര്യത്തില്‍ പി.സദാശിവം പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാറിന്‍റെ വിശദീകരണം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ തള്ളിയിരുന്നു. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാറിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്‍ക്കാറിന്‍റെ ഒരു ന്യായീകരണവും തൃപ്തിപ്പെടുത്തിയില്ലയെന്നും ചെയ്തത് നിയമ വിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കിയത്.

ഇരുപത് മിനിട്ടോളം രണ്ടുപേരും ചര്‍ച്ച നടത്തിയിരുന്നു. ഗവര്‍ണറെ മന:പൂര്‍വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ ഇന്നലെ അറിയിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനമുന്നയിച്ചത്.

“സംസ്ഥാനത്തെ ഭരണസംവിധാനം തകരാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാഷ്‌ട്രപതി ഒപ്പുവച്ച നിയമത്തിനെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് നിരീക്ഷിക്കും. തുടര്‍ നടപടികള്‍ എന്താണെന്ന് ഇപ്പോള്‍ വിശദീകരിക്കാന്‍ സാധിക്കില്ല,” ഗവര്‍ണര്‍ പറഞ്ഞു

സര്‍ക്കാരിന്റെ വിശദീകരണം ഗവര്‍ണര്‍ പൂര്‍ണ്ണമായി തള്ളി. തന്നെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് തെറ്റാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ പദവി എടുത്തുകളയമെന്ന സിപിഎം വിമര്‍ശനത്തെ ഗവര്‍ണര്‍ പരിഹസിച്ചു. അങ്ങനെയൊരു സ്ഥിതിയിലല്ല സിപിഎമ്മെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാരുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളില്ല എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. സര്‍ക്കാര്‍ മനപൂര്‍വ്വം ഒരു ചട്ടങ്ങളും ലംഘിച്ചിട്ടില്ലെന്നും ഗവര്‍ണറെ അവഗണിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയത്.

താന്‍ ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നത് നിയമമാണെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമ ലംഘനമല്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അത് നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

.