പത്മയുടെ ശരീരത്തില്‍ ആറ് പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു സഹോദരി പഴനി

കൊച്ചി. ഇലന്തൂരില്‍ നരബലിക്ക് ഇരയായ പത്മയുടെ ശരീരത്തില്‍ ആറ് പവന്‍ സ്വര്‍ണം ഉണ്ടായിരുന്നതായി സഹോദരി പഴനി. കാണാതായ സെപ്റ്റംബര്‍ 26ന് രാവിലെ പത്മ തന്നെ കാണുവാന്‍ വീട്ടില്‍ വന്നെങ്കിലും ജോലിക്ക് പോയതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. സ്വര്‍ണം ഷാഫി പണയം വെച്ചാന്നാണ് അറിവെന്നും പളനി പറയുന്നു. പത്മ വലിയ ധൈര്യശാലിയായിരുന്നു. ആര്‍ക്കും അങ്ങനെ ഭയപ്പെടുത്തുവാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.

പോലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തരാണ്. മൂന്ന് പ്രതികള്‍ക്കും ശിക്ഷനല്‍കണമെന്നും അവര്‍ പറഞ്ഞു. പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ പത്മയുടെ കുടുംബം കൊച്ചിയില്‍ തുടരുകയാണ്. ഇലന്തൂര്‍ നരബലി കേസില്‍ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചോദ്യം ചെയ്യലിലെ പുരോഗതി അനുസരിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്നും പോലീസിന് പ്രാഥമിക വിവരം.

Loading...

ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന എല്ലാ ആരോപണങ്ങളും തലനാരിഴകീറി അന്വേഷിക്കാനാണ് തീരുമാനം. പതിനാറും, ഇരുപത്തി അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളെ കേസിലെ മുഖ്യപ്രതി ഷാഫി ഇലന്തൂരില്‍ എത്തിച്ച് ലൈംഗിക ദുരുപയോഗം ചെയ്തതായി പൊലീസിന് വിവരമുണ്ട്. നിലവില്‍ പരാതികള്‍ ഇല്ലെങ്കിലും ഗൗരവമായാണ് ഇക്കാര്യം പൊലീസ് പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിന്നാണ് അന്വേഷണസംഘം കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇതിന് പിന്നാലെയാകും തെളിവെടുപ്പ്.