പര്‍വെസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി; ശിക്ഷ വിധിച്ച കോടതിക്കെതിരെ ഹൈക്കോടതി

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി. ലാഹോര്‍ ഹൈക്കോടതിയാണ് വധശിക്ഷ റദ്ദാക്കിയത്. രാജ്യദ്രോഹക്കേസിലായിരുന്നു മുഷറഫിന് വധശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ വിധിച്ച കോടതിക്കെതിരെയും ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പ്രത്യേക കോടതി രൂപവത്ക്കരിച്ചത് അടക്കം നിയമവിരുദ്ധമായാണെന്നാണ് ഹോക്കോടതി കണ്ടെത്തിയത്.

ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബര്‍ 17-നാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്.പാകിസതാന്‍ മുസ്‌ലിം ലീഗ് നവാസ് സര്‍ക്കാര്‍ 2013 ല്‍ ഫയല്‍ചെയ്ത കേസിലായിരുന്നു വിധി. 2007 ല്‍ മുഷറഫ് ഭരണഘടന മരവിപ്പിക്കുകയും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസാണിത്.പിന്നീട്, 2008 ല്‍ ഇംപീച്ച്‌മെന്റ് ഭീഷണിയെത്തുടര്‍ന്ന് മുഷറഫ് രാജിവച്ചിരുന്നു. 1999 ല്‍ പട്ടാള അട്ടിമറിയിലൂടെ മുഷഫറ് പുറത്താക്കിയ നവാസ് ഷെരീഫ് 2013 ല്‍ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതോടെയാണ് മുഷറഫിനെതിരെ കേസെടുത്തത്. പ്രത്യേക കോടതി പിന്നീട് മുഷറഫിന് വധശിക്ഷ വിധിച്ചു.

Loading...

മുഷറഫിന് പിന്തുണയുമായി സൈന്യവും പിന്നാലെ പാക്കിസ്ഥാന്‍ സര്‍ക്കാരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.വധശിക്ഷ വിധിച്ചത് ശരിയായ നടപടിയല്ലെന്ന് പാകിസ്ഥാന്‍ അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.വിധിയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ട്ടിയുടെ അടിയന്തിരയോഗവും വിളിച്ചിരുന്നു.മുഷറഫിന് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ മന്‍സൂര്‍ ഖാന്‍ പറഞ്ഞു. വിചാരണ നടന്നത് മുഷറഫിന്റെ അസാന്നിധ്യത്തിലായതിനാല്‍ ഈ വിധി ശരിയല്ലെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

പെഷാവര്‍ കോടതിയുടെ വിധി ഭരണഘടനാലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചുമത്തപ്പെട്ടയാള്‍ക്ക് നീതി കിട്ടുന്നില്ലെങ്കില്‍ ആ അനീതിക്കെതിരെ സര്‍ക്കാര്‍ നിലകൊള്ളുമെന്ന് മന്‍സൂര്‍ ഖാന്‍ പറഞ്ഞു.മുഷറഫിനെതിരായ രാജ്യദ്രോഹ കുറ്റം തെഹ്‌രികെ ഇന്‍സാഫോ ഇമ്രാന്‍ ഖാനോ നിഷേധിക്കുന്നില്ല. എന്നാല്‍ എത്ര വലിയ കുറ്റം ചെയ്തയാളാണെങ്കിലും നീതിപൂര്‍വമായ വിചാരണ നടക്കണമെന്നാണ് പാര്‍ട്ടി നിലപാടി. മുഷറഫിന്റെ കാര്യത്തില്‍ അതുണ്ടായില്ല, അതിനാലാണ് പുനരാലോചന ആവശ്യപ്പെടുന്നതെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.