ഇന്ത്യയിലേക്കുള്ള സൗഹൃദ ബസും പാക്കിസ്ഥാന്‍ നിര്‍ത്തി, അതിര്‍ത്തി മുറിക്കുന്ന ട്രെയിനുകളുമില്ല

ട്രെയിനുകള്‍ നിര്‍ത്തിവച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള ബസ് സര്‍വീസ് കൂടി നിര്‍ത്തലാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍. ഡല്‍ഹിയില്‍ നിന്നും ലാഹോറിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ‘ദോസ്തി(സൗഹൃദം)’ എന്ന് പേരുള്ള ബസാണ് പാകിസ്ഥാന്‍ റദ്ദ് ചെയ്തത്. ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നാണ് ഈ ബസ് സര്‍വീസ് നടത്തിയിരുന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനും ജമ്മു കാശ്മീരിനെ രണ്ടാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പാകിസ്ഥാന്‍ കൈകൊള്ളുന്ന നടപടികളുടെ തുടര്‍ച്ചയാണിത്. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ കമ്മിറ്റിയാണ് കൂടിയാലോചനയ്ക്ക് ശേഷം ഈ തീരുമാനം കൈക്കൊണ്ടത്. 1999 ഫെബ്രുവരിയില്‍ ആരംഭിച്ച ഈ ബസ് സര്‍വീസ് 2001ലെ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ 2003 ജൂലായില്‍ ഇത് വീണ്ടും ആരംഭിച്ചു.

കാശ്മീര്‍ വിഷയത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധകള്‍ വിച്ഛേദിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാന്‍ ഈ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. നേരത്തെ, രാജ്യാതിര്‍ത്തികള്‍ കടന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയ്ക്ക് സര്‍വീസ് നടത്തുന്ന, താര്‍ എക്സ്പ്രസിനെയും, സംത്ധൗദ എക്‌സ്പ്രസിനെയും പാകിസ്ഥാന്‍ വിലക്കിയിരുന്നു. ജോധ്പൂരിനെയും ലഹോറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനാണ് താര്‍. ഡല്‍ഹിക്കും ലാഹോറിനും ഇടയിലാണ് സംത്ധൗദ എക്‌സ്പ്രസ് യാത്രക്കാരെ കൊണ്ടുപോകുന്നത്.