ആര്‍ത്തവകാലത്ത് കുളിക്കരുതെന്ന് വിശ്വാസം… ഉപയോഗിക്കുന്നത് ഒരാള്‍ ഉപയോഗിച്ച തുണികള്‍ മാറി മാറി: പാക് ഗ്രാമങ്ങളിലെ പെണ്‍ ജീവിതം…

സ്ത്രീ ഋതുമതിയാകുന്ന ആ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പോലും പുറത്താക്കപ്പെടുന്ന സമൂഹമുണ്ട് ഓരോ സമൂഹവും ആര്‍ത്തവത്തെ ഓരോ തരത്തിലാണ് നോക്കിക്കാണുന്നത്. പലയിടങ്ങളിലും സ്ത്രീ അശുദ്ധയെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തപ്പെടുന്നത് ആര്‍ത്തവത്തിന്റെ പേരിലുമാണ്.

പാകിസ്ഥാനിലെ ഗ്രാമങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില വിവരങ്ങളാണ് ഇവിടെ പറഞ്ഞു വരുന്നത്. വടക്കന്‍ പാകിസ്ഥാനിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നുള്ളതാണ് റിപ്പോര്‍ട്ട്.

സാനിറ്ററി പാഡിനെ സംശയത്തോടെ കാണുന്നവരാണ് പാകിസ്ഥാനിലെ ഗ്രാമങ്ങളില്‍ ഇപ്പോഴുമുള്ളത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതു പോലും അവിടെ വിലക്കിപ്പെട്ടിരിക്കുന്നു. ഇതൊക്കെ രഹസ്യമായി മാത്രം സംസാരിക്കേണ്ട കാര്യം. പുറത്ത് പറയരുതാത്ത വിഷയം.

ഇപ്പോഴും തുണികളും പേപ്പറുകളുമാണ് ഇവിടുത്തെ സ്ത്രീകള്‍ സാനിട്ടറി പാഡിന് പകരം ഉപയോഗിക്കുന്നത്. സ്ത്രീകളില്‍ പലരും ഇപ്പോഴും തങ്ങളുടെ വസ്ത്രങ്ങള്‍ പുറത്ത് ഉണങ്ങാന്‍ വിരിക്കാറുപോലുമില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നാണ് ഇവരുടെ ധാരണ.

അതുകൊണ്ടു തന്നെ ഈ വസ്ത്രങ്ങള്‍ മുറിയില്‍ തന്നെ ഉണക്കി, നനഞ്ഞപടി ധരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇത് പലപ്പോഴും രോഗങ്ങള്‍ക്കും അണുബാധയ്ക്കും ഇടയാക്കുന്നു.

ചില പ്രദേശങ്ങളില്‍ ഒരു കൂട്ടം സ്ത്രീകള്‍ ആര്‍ത്തവകാലത്ത് ഒരേ വസ്ത്രം തന്നെ മാറി മാറി ഉപയോഗിക്കുന്നു. ഇത് ഒരാളുടെ രോഗങ്ങള്‍ മറ്റുള്ളവരിലേയ്ക്ക് പടരാന്‍ ഇടയാക്കുന്നു. ആര്‍ത്തവകാലത്ത് കുളിക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവരും ഗ്രാമങ്ങളിലുണ്ട് എന്നതാണ് ഞെട്ടിക്കുന്ന സത്യം. ഇതൊക്കെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ഒരു ഡോക്ടര്‍ തന്നെയാണ്.

2017 ല്‍ യൂണിസെഫ് നടത്തിയ ഒരു സര്‍വേയില്‍ വെളിപ്പെട്ട മറ്റു ചിലതുണ്ട്. രാജ്യത്തെ സ്ത്രീ ജനസംഖ്യയില്‍ പകുതിയും ആര്‍ത്തവം ഉണ്ടാകുമ്പോള്‍ മാത്രമാണ് അതേക്കുറിച്ച് അറിയുന്നത്. ആദ്യ ആര്‍ത്തവം സംഭവിക്കുമ്പോള്‍ അതെന്താണെന്ന് പോലും അറിയാതെ ഗുരുതരരോഗമാണെന്ന് കരുതിയവരാണ് ഗ്രാമത്തില്‍ ഏറെയും.

സാനിട്ടറി പാഡുകള്‍ ഗ്രാമങ്ങളില്‍ ലഭ്യമല്ലെങ്കിലും പാകിസ്ഥാനിലെ നഗരങ്ങളില്‍ അവ കിട്ടും. വില അല്‍പ്പം കൂടുതല്‍ ആണെന്നുമാത്രം. കടകളില്‍ നിന്ന് സാനിട്ടറി പാഡുകള്‍ കട്ടിയുള്ള പേപ്പറില്‍ പൊതിഞ്ഞാണ് കിട്ടുക. മറ്റുള്ള വസ്തുക്കള്‍ പൊതിഞ്ഞു നല്‍കുന്നതു പോലെ സുതാര്യമായ കവറുകളില്‍ പാഡുകള്‍ നല്‍കാറില്ല.

സ്ത്രീകള്‍ നേരിട്ട് കടയില്‍ ചെന്ന് പാഡ് വാങ്ങുന്ന പതിവ് ഇവിടെയില്ല. ഭര്‍ത്താക്കന്മാരോ വീട്ടിലെ ആണുങ്ങളോ ആണ് പാഡ് വാങ്ങിക്കൊടുക്കുന്നത്.