രണ്ടും കല്‍പ്പിച്ച് പാകിസ്ഥാന്‍… 2022 ല്‍ ഒരു പാക് പൗരനെ ബഹിരാകാശത്ത് എത്തിച്ചിരിക്കും, ശേഷിയുള്ള റോക്കറ്റുകള്‍ പോലുമില്ല എന്നതാണ് വാസ്തവം

ഇസ്ലാമാബാദ് : ഇന്ത്യന്‍ ബഹിരാകാശ നീക്കങ്ങള്‍ പാകിസ്ഥാനെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചാണ് ഇപ്പോള്‍ പാകിസ്ഥാന്റെ നീക്കങ്ങള്‍.

2022 ഓടെ ഒരു പാക് പൗരനെ ബഹിരാകാശത്ത് എത്തിച്ചിരിക്കുമെന്ന് പാകിസ്ഥാന്‍ സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ഇതിനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടെന്നും ബഹിരാകാശത്തേയ്ക്ക് അയയ്‌ക്കേണ്ട ആളെ കണ്ടെത്തുന്ന നടപടികള്‍ അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു.

Loading...

50 പേരെ ഉള്‍പ്പെടുത്തിയ ഒരു സാധ്യതാ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഈ പട്ടിക 25 ആയി ചുരുക്കും. അങ്ങനെ 2022 ല്‍ പാകിസ്ഥാന്‍ പൗരന്‍ ബഹിരാകാശത്ത് എത്തും. പാക് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയായിരിക്കും അതെന്നും ഫവാദ് ചൗധരി പറഞ്ഞു.

എന്നാല്‍, ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കാന്‍ തക്ക ശേഷിയുള്ള റോക്കറ്റുകള്‍ പാകിസ്ഥാന് ഇല്ല. അതിനാല്‍, ചൈനീസ് സഹായത്തോടെയാകും പാക് പൗരനെ ബഹിരാകാശത്ത് എത്തിക്കുക. മുന്‍പ് ചൈനീസ് റോക്കറ്റ് ഉപയോഗിച്ച് പാകിസ്ഥാന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നു.