ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്ഥാന്‍ ഭൂപടം പുറത്തിറക്കി: ഗുജറാത്തിലെ ജുനഗഡ് അതി‍ർത്തിയായായും ഉൾപ്പെടുത്തി

ഇസ്ലാമാബാദ്: ജമ്മുകശ്മീരില്‍ പൂര്‍ണ അവകാശവാദം ഉന്നയിച്ച് പാകിസ്താന്‍. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാക്കിസ്ഥാൻ പുതിയ ഭൂപടം പുറത്തിറക്കി. സർ ക്രിക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഭൂപടമാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയത്. ഗുജറാത്തിലെ ജുനഗഡ് അതി‍ർത്തിയായായും കാണിച്ചിട്ടുണ്ട്. ഇത് ചരിത്രപരമായ ദിവസമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് പാക്കിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുന്നത്.

ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ മേഖലകൾ പാക്കിസ്ഥാന്‍റെ ഭാഗമാണെന്ന അവകാശവാദം പുതിയ ഭൂപടത്തിലും ആവർത്തിക്കുന്നു. ഇന്ന് ചേർന്ന മന്ത്രിസഭയിലാണ് ഭൂപടത്തിന് അംഗീകാരം നൽകിയത്. കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികമാണ് നാളെ. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. നാളെ കരിദിനമായും പാകിസ്താന്‍ ആചരിക്കും.

Loading...

ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്താന്‍ അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ് പാകിസ്താന്‍ സര്‍ക്കാര്‍ ഇന്ന് അംഗീകരിച്ചത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധ റാലികള്‍ നടത്താനും പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ മാപ്പ് സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.