പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു…ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 17 കടന്നു. പ്രമുഖരെല്ലാം തന്നെ രാവിലെ തന്നെ എത്തി വോട്ട് ചെയ്തു. സ്ത്രീകളും ജോലിക്കാരും രാവിലെ തന്നെ ബൂത്തുകളിലേയ്ക്ക് എത്തിയതോടെ കനത്ത പോളിങാണ് രാവിലെ രേഖപ്പെടുത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം, കെഎം മാണിയുടെ കുടുംബം, പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സിനിമാതാരം മിയ ജോര്‍ജ് എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

Loading...

പാലായിലെ സെന്റ് തോമസ് സ്‌കൂളിലെ 128-ാം നമ്പര്‍ ബുത്തിലെത്തിയാണ് കെഎം മാണിയുടെ കുടുംബം വോട്ട് രേഖപ്പെടുത്തിയത്. ജോസ്.കെ.മാണി, നിഷാ ജോസ്.കെ. മാണി, കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെഎം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് മാണിയുടെ കുടുംബം വോട്ട് ചെയ്യാനെത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന പൂര്‍ണവിശ്വാസമുണ്ടെന്ന് കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ പ്രതികരിച്ചു. മാണി സാറിന്റെ പിന്‍ഗാമിയാണ് ജോസ് ടോം. ജോസ് ടോം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കുട്ടിയമ്മ പ്രത്യാശ പ്രകടിപ്പിച്ചു.

പാലായില്‍ 100 ശതമാനം വിജയം ഉറപ്പാണെന്ന്‌യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു. കൂവത്തോട് ഗവ.എല്‍പി സ്‌കൂളിലാണ് അദേഹം വോട്ട് രേഖപ്പെടുത്തിയത്. അത്ഭുതം സംഭവിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരി പ്രതികരിച്ചു. ഫലം ഇടതുപക്ഷത്തിന് എതിരായ വിധിയെഴുത്ത് ആകുമെന്നും ഹരി കൂട്ടിച്ചേര്‍ത്തു. നല്ലത് സംഭവിക്കട്ടെയെന്ന് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം നടി മിയ പ്രതികരിച്ചു.