പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി: ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം സെമിത്തേരിയിൽ സംസ്‌കരിക്കണം

പാലാ: പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാൻ അനുവദിച്ച് ഇടവകകൾക്ക് നിർദ്ദേശം നൽകിയതായി രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം ബന്ധുക്കൾക്ക് കൈമാറാനോ വായുവിൽ വിതറാനോ വെള്ളത്തിൽ ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമങ്ങൾക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ അടക്കം ചെയ്യണമെന്നും ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി. പരിശുദ്ധ സിംഹാസനത്തിൽനിന്ന് ഇതിന് അനുമതി ലഭിച്ചിട്ടുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്.

രൂപതയുടെ കീഴിലുള്ള അൽഫോൻസിയൻ പാസ്റ്ററൽ സെന്റർ കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും ബിഷപ്പ് അറിയിച്ചു. ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ദഹിപ്പിച്ചിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാൽ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം അടക്കം പരക്കുമ്പോഴാണ് രൂപതയുടെ മാതൃകാപരമായ തീരുമാനം. കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കേയായിരുന്നു ലത്തീൻ രൂപതയുടെ മാതൃകാപരമായ നടപടി.

Loading...

ആലപ്പുഴ മാരാരിക്കുളത്ത് മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹമാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്.
നിലവിൽ ആലപ്പുഴയിൽ പല ഇടത്തും കുഴിയെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകാൻ രൂപത തീരുമാനിച്ചത്.