ഗുരുവായൂര്‍: ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച ശേഷം ഗുരുവായൂരില്‍ വീണ്ടും വിവാഹങ്ങള്‍ തകൃതിയായി നടക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് വിവാഹം നടക്കുന്നതും.എന്നാല്‍ ഇന്നലെ ക്ഷേത്രത്തില്‍ നടന്ന സംഭവം കുറച്ചൊന്നുമല്ല ക്ഷേത്രം അധികൃതരെയടക്കം ആശങ്കയിലാഴ്ത്തിയത്. ഗുരുവായൂരില്‍ ഇന്നലെ നടന്ന വിവാഹങ്ങളില്‍ ഒന്നില്‍ വധുവിനെ ഒരുക്കിയത് കൊവിഡുള്ള ബ്യൂട്ടീഷനാണെന്ന വ്യാജ സന്ദേശം വന്നതോടെയാണ് ക്ഷേത്രം അധികാരികള്‍ അടക്കം ആശങ്കയിലായത്.
ഇന്നലെ രാവിലെ 7.45 ഓടെയായിരുന്നു ക്ഷേത്രത്തിലേക്ക് വ്യാജ ഫോണ്‍ സന്ദേശം വന്നത്.എറണാകുളത്തുകാരനായ ഹരീഷ് ആണ് വിളിക്കുന്നത് എന്നുപറഞ്ഞുകൊണ്ടായിരുന്നു ഫോണ്‍ കോള്‍ വന്നത്.പാലക്കാട് നിന്നുള്ള വിവാഹസംഘത്തിലെ വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടീഷന് കൊവിഡ് ഉണ്ടെന്നായിരുന്നു ഇയാള്‍ ചീഫ് സെക്യൂരിറ്റി ഓഫീസറോട് പറഞ്ഞത്. വ്യജവാര്‍ത്ത തീ പോലെ പടര്‍ന്നതോടെ ക്ഷേത്രനടയിലേക്ക് കൂടുതല്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും എത്തുകയും ചെയ്തു. ഇന്നലെ മാത്രം 20 വിവാഹങ്ങളാണ് ഇവിടെ നടന്നത്.
പാലക്കാട് നിന്നെത്തിയ സംഘത്തോട് അന്വേഷിച്ചപ്പോള്‍ ബന്ധുക്കളാണ് വധുവിനെ ഒരുക്കിയത് എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ പൊലീസ് വീണ്ടും അന്വേഷിക്കുകയായിരുന്നു. ഇതോടെ പാലക്കാട്ട് വിദേശത്ത് നിന്നെത്തിയ കൊവിഡ് ബാധിതനായ പ്രവാസിയുടെ ഭാര്യ ബ്യൂട്ടീഷ്യനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്നലെ ഗുരുവായൂരില്‍ വെച്ച് നടന്ന വിവാഹത്തിലെ വധുവിന്റെ അച്ഛന്റെ നാട്ടുകാരിയാണിവര്‍. പക്ഷെ ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അടുത്തൊന്നും ബ്യൂട്ടീഷന് ജോലിക്ക് പോയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തു.