പാലക്കാട് ചിറ്റൂര്‍ കന്നിമാരിയില്‍ വനിതാ സ്ഥാനാര്‍ഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പൊലീസിന് ലഭിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 31കാരനായ അജിത്തിനെയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകനാണ് അജിത്ത്.

തലയ്ക്ക് വെടിയേറ്റ് രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു. കർഷകൻകൂടിയായ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്കെന്ന് പൊലീസ് പറഞ്ഞു. കൃഷിനാശംവരുത്തുന്ന ജീവികളെ തുരത്താൻ ഉപയോ​ഗിച്ചിരുന്ന തോക്കാണിത്.

Loading...

പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മകന്റെ മൃതദേഹം കണ്ടത്. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്ന് ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും.