കടം വാങ്ങിയ 10 ലക്ഷം തിരികെ നല്‍കിയിരുന്നു, ബാലഭാസ്‌ക്കറുമായി മറ്റ് സാമ്പത്തിക ഇടപാടൊന്നുമില്ല, അര്‍ജുന്‍ ഭാര്യ ലതയുടെ അടുത്ത ബന്ധുവെന്നും പാലക്കാട്ടെ ഡോക്ടര്‍

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ തനിക്കു 10 ലക്ഷം രൂപ കടമായി നല്‍കിയിരുന്നുവെന്നും എന്നാല്‍ രണ്ടു മാസത്തിനു ശേഷം ഇതു തിരികെ കൊടുത്തിരുന്നുവെന്നും പാലക്കാട്ടെ സുഹൃത്ത് ഡോ. പി.എം.എസ്. രവീന്ദ്രനാഥ് . ആശുപത്രിയുടെ നവീകരണം നടക്കുന്ന സമയത്തു ബാങ്ക് വായ്പ വൈകിയപ്പോഴാണു താന്‍ പണം വാങ്ങിയത്. ബാലഭാസ്‌ക്കറുമായി മറ്റു സാമ്പത്തിക ഇടപാടുകളില്ലെന്നും അദ്ദേഹം അറിയിച്ചു.

ബാലഭാസ്‌കറുടെ മരണത്തിനു ശേഷം തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ചെര്‍പ്പുളശ്ശേരി ‘പൂന്തോട്ടം ആയുര്‍വേദാശ്രമം’ ആശുപത്രി ഉടമയാണു ഡോ. പി.എം.എസ്. രവീന്ദ്രനാഥ്. തന്റെ ആശുപത്രിയുടെ ഭൂമിയോടു ചേര്‍ന്ന് 50 സെന്റ് വയല്‍ 2012ല്‍ ബാലഭാസ്‌കര്‍ വാങ്ങിയിരുന്നു. അത് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണെന്നും ഡോക്ടര്‍ അറിയിച്ചു.

Loading...

അപകടസമയത്ത് വണ്ടിയിലുണ്ടായിരുന്ന അര്‍ജുന്‍ മൊഴി മാറ്റിയോ എന്നു വ്യക്തതയില്ല. ആദ്യം താനാണു വാഹനം ഓടിച്ചതെന്നാണ് അര്‍ജുന്‍ പറഞ്ഞതെന്നാണു അറിയാന്‍ കഴിഞ്ഞത്. ലക്ഷ്മിയും ആദ്യം മുതല്‍ പറയുന്നതും ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതും അതില്‍ തന്നെയാണ്. അന്നു സംഭവിച്ചതെന്തെന്നു വ്യക്തമല്ലാത്തതിനാല്‍ ഏതാണു ശരിയെന്ന് അറിയില്ല.

അര്‍ജുന്‍ തന്റെ ഭാര്യ ലതയുടെ അടുത്ത ബന്ധുവാണ്. ഇടയ്ക്കു ഗള്‍ഫില്‍ ജോലി ചെയ്തിരുന്നെങ്കിലും അത് ഉപേക്ഷിച്ചു നാട്ടിലെത്തി. ബാലഭാസ്‌കര്‍ തന്നെയാണു തല്‍ക്കാലം വാഹനമോടിക്കാന്‍ അര്‍ജുനെ ഒപ്പം കൂട്ടിയത്.

കുഞ്ഞുണ്ടാകാന്‍ ബാലു നേര്‍ന്ന വഴിപാടുകള്‍ നടത്താനാണു കുടുംബം തൃശൂരില്‍ വന്നത്. മൂന്നു ദിവസത്തെ വഴിപാടിന്റെ മൂന്നാം ദിവസമാണു ബാലുവും ലക്ഷ്മിയും കുഞ്ഞും എത്തിയത്. ആദ്യദിനം മുതല്‍ തന്റെ ഭാര്യയാണു വഴിപാടുകള്‍ നടത്തിയത്. വഴിപാടു കഴിഞ്ഞ ശേഷം തൃശൂരില്‍ ലതയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും ആഹാരം കഴിച്ചാണു പിരിഞ്ഞത്.

വീട്ടിലെത്തിയ ശേഷം എവിടെ എത്തിയെന്ന് അറിയാന്‍ ലത ഫോണില്‍ വിളിച്ചു. ആദ്യം ആരും എടുത്തില്ല. പിന്നീടു വിളിച്ചപ്പോള്‍ എടുത്തതു പോലീസാണ്. അവരാണ് അപകടവിവരം പറയുന്നത്. തനിക്കെതിരെ നിരന്തരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴാണു വക്കീല്‍ നോട്ടീസ് അയച്ചത്. പിന്നീട് എല്ലാം ശാന്തമായി എന്നു തോന്നിയതിനാല്‍ കേസുമായി മുന്നോട്ടു പോയില്ല. ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു.

15 വര്‍ഷം മുന്‍പു ചെര്‍പ്പുളശ്ശേരിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു ബാലഭാസ്‌കറിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന്, ആശുപത്രിയിലെ കലാക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അന്നാണു സൗഹൃദമാരംഭിച്ചത്. ഇടയ്ക്കിടെ ഒരു മാസത്തോളം വരെ പൂന്തോട്ടത്തു താമസിച്ചിരുന്നു. എന്നാല്‍, ചികിത്സയൊന്നും തേടിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു