പാലക്കാട്: ബൈക്കിലെത്തി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിക്കുന്ന സംഘം പിടിയിലായി. സംഘത്തിലെ രണ്ട് പേരെ പൊലീസ് വലയിലായത്. ഒറ്റപ്പാലം പൊലീസാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം ലക്കിടിയില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല ബൈക്കിലെത്തി പൊട്ടിച്ച സംഭവത്തിലാണ് യുവാക്കള്‍ പൊലീസ് പിടിയിലായത്.
എറണാകുളം തൃക്കാക്കര അമ്പാടി ഗോഗുലം വീട്ടില്‍ ഇമ്രാന്‍ ഖാന്‍ എന്ന റമീസ്, തൃക്കാക്കര കെന്നഡി മുക്കില്‍ ചെറുവള്ളി സുര്‍ജിത്ത് എന്നവരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ ഒരാള്‍ നാലോളം സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഈ മാസം 9 ന് ലക്കിടിയില്‍ യുവതിയുടെ മാല തട്ടിപ്പറിച്ച സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ലക്കിടി അകലൂര്‍ കായല്‍പ്പള്ളി രാജേഷിന്‍റെ ഭാര്യ രഞ്ജുവിന്‍റെ 4 പവന്‍ ഗ്രാം തൂക്കം വരുന്ന മാല ഇമ്രാന്‍ ഖാന്‍ ബൈക്കിലെത്തി പിടിച്ചു പറിക്കുകയായിരുന്നു.
ദമ്പതികള്‍ മോഷ്ടാവിനെ കുറച്ചു ദൂരം ബൈക്കില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പിന്നീട് മോഷ്ടാവ് വന്ന ബൈക്കിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം ഇവര്‍ പോലീസില്‍ പരാതി നല്‍കി. ബൈക്കിന്‍റെ നമ്പര്‍ വ്യാജമായിരുന്നെങ്കിലും മോഷണം നടത്തിയത് ഇമ്രാന്‍ ആണെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിന് കണ്ടെത്താന്‍ സാധിച്ചു.
മലപ്പുറം താനൂരിലെ വീട്ടില്‍ നിന്നാണ് ഇമ്രാനെ പോലീസ് പിടികൂടിയത്. ബൈക്ക് റേസറും സ്നൂക്കര്‍ പ്ലെയറുമായ ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് മാല വില്‍പ്പന നടത്തിയ സുര്‍ജിത്തിനെ പോലീസ് പിടികൂടുന്നത്. നാല് മലയാളം സിനിമകളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ച വ്യക്തിയാണ്.
ബൈക്ക് വാടകയ്ക്കെടുത്ത് ആളില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് സ്ത്രീകളുടെ മാലപ്പൊട്ടിക്കുന്ന നിരവധി കേസുകളില്‍ പ്രതിയാണ് ഇമ്രാനെന്നാണ് പോലീസ് പറയുന്നത്. ഒറ്റപ്പാലത്ത് മോഷണത്തിനായി ഉപയോഗിച്ച ബൈക്കും ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബൈക്കിലെത്തി മാല മോഷ്ടിക്കുന്നതില്‍ എറണാകുളത്ത് 26 കേസും തൃശൂരില്‍ 14 കേസും ഇയാളുടെ പേരിലുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. മോഷ്ടിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഇമ്രാന്‍ ഖാന്‍ സുര്‍ജ്ജിത്തിന്‍റെ അരികില്‍ എത്തിക്കും. ശേഷം ഇയാളാണ് സ്വര്‍ണ്ണം ജ്വല്ലറികളില്‍ വില്‍പ്പന നടത്തുന്നത്. ഇയാള്‍ ഇതിനായി 10000 രൂപവരെയാണ് ഇമ്രാന്‍ നല്‍കിയിരുന്നതെന്നാണ് ഒറ്റപ്പാലം പോലീസ് വ്യക്തമാക്കുന്നത്.
ഡ്യൂക്ക് ബൈക്കിലെത്തിയാണ് മാല പിടിച്ചു പറിച്ചതെന്ന് രഞ്ജു നല്‍കിയ മൊഴിയില്‍ നിന്നും പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ കെഎല്‍ ഒമ്പത് രജിസ്ട്രേഷനിലുള്ള ഒരു ഡ്യൂക്ക് ബൈക്കിന്‍റെ ദൃശ്യം പോലീസിന് ലഭിച്ചു.
ഇതുപയോഗിച്ച് അന്വേഷണം നടത്തിയെങ്കില്‍ ബൈക്കിന്‍റെ നമ്പറില്‍ കൃത്രിമം കാണിച്ചതാണെന്ന് വ്യക്തമായി. നമ്പര്‍ പ്ലേറ്റിലെ രണ്ട് എന്ന അക്കം മറച്ചായിരുന്നു മോഷണം നടത്തിയത്. വാഹന ഉടമയേ തേടിയുള്ള അന്വേഷണത്തില്‍ വാടകയ്ക്ക് എടുത്ത ബൈക്ക് ആണിതെന്ന് വ്യക്തമായി.ബൈക്ക് വാടകയ്ക്ക് എടുത്തത് ഇമ്രാന്‍ ഖാന്‍ ആണെന്ന് വ്യക്തമായതോടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. ഇവരില്‍ നിന്നും മോഷണ മുതലുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, പാലക്കാട് ജില്ലയില്‍ ഇന്നലേയും ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പിടിച്ചു പറിച്ച പരാതി പോലീസിന് ലഭിച്ചു. മേലേ പട്ടാമ്പി മൂര്‍ക്കാട്ടുപറമ്പ് ആതിരയുടെ മൂന്നുപവന്‍ വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. ആതിരയുടെ പരാതിയില്‍ പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.