പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കും, വൈകീട്ട് നാലിന് നാടിന് സമര്‍പ്പിക്കും

പാലാരിവട്ടം പാലം നാളെ തുറന്നുകൊടുക്കും. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഉണ്ടാകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ പടുത്തുയര്‍ത്തിയ പാലമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഗതാഗതയോഗ്യമാക്കി നാടിന് സമര്‍പ്പിക്കുന്നത്.എട്ട് മാസം കൊണ്ട് പുനര്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പു നല്‍കിയ പാലമാണ് ഇപ്പോള്‍ 5 മാസം കൊണ്ട് പൂര്‍ത്തീകരിച്ചിരിക്കുന്നത്. പഞ്ചവടിപ്പാലമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പഴി കേള്‍പ്പിച്ച പാലാരിവട്ടം മേല്‍പ്പാലം ഇനി നൂറു വര്‍ഷം ആയുസ്സുളള അഭിമാനപദ്ധതിയായി മാറുന്നുവെന്ന പ്രത്യേകതയുമുണ്ട്.

പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് അനുയോജ്യമാണന്ന സര്‍ട്ടിഫിക്കറ്റ് ഡിഎംആര്‍സിയില്‍ നിന്നും പൊതുമരാമത്ത് വകുപ്പിന് ലഭിച്ചതായി മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഉണ്ടാകില്ല. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മിച്ചത്. 2020 സെപ്റ്റംബര്‍ 28ന് പുനര്‍ നിര്‍മ്മാണം ആരംഭിച്ച മേല്‍പ്പാലം അഞ്ചരമാസം കൊണ്ട് പൂര്‍ത്തിയാക്കി സര്‍ക്കാരിന് കൈമാറുകയായിരുന്നു. മാര്‍ച്ച് 7ന് വൈകിട്ട് നാല് മണിയോടെ പാലം തുറന്നുകൊടുക്കുമ്പോള്‍ കൊച്ചിയിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ ഗതാഗതകുരുക്കിന് പൂര്‍ണപരിഹാരമാകുകയാണ്. ഒപ്പം എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വികസന വേഗതയുടെ ഉറപ്പും.

Loading...