720 കോടി രൂപ ചെലവിട്ട കമ്പനി 800 കോടിയിലേറെ പിരിച്ചെടുത്തു: പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് കുറയ്ക്കണമെന്നാവശ്യം

തൃശ്ശൂര്‍: പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് കുറയ്ക്കണം എന്നാവശ്യം ശക്തമാകുന്നു. തൃശ്ശൂര്‍ അങ്കമാലി ദേശീയ പാതയിലെ നിർമാണ ചിലവ് തിരിച്ച് കിട്ടിയതിനാലാണ് പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് കുറയ്ക്കണം എന്നാവശ്യം ഉയരുന്നത്. 720 കോടി രൂപ ചെലവിട്ട കമ്പനി 800 കോടിയിലേറെയാണ് പിരിച്ചെടുത്തത്. അതിനാൽ തന്നെ ടോൾ നിരക്കിൽ 17 രൂപ വരെ കുറയണം എന്നാണ് ആവശ്യം. നിലവിൽ തൃശ്ശൂര്‍ മുതൽ ഇടപ്പള്ളി വരെ 75 രൂപയാണ് ടോൾ നിരക്ക്.

വിവരാവകാശ രേഖകൾ അടിസ്ഥാനമാക്കിയാണ് ആവശ്യം. ദേശീയപാത അതോറിറ്റി പൊതുഖജനാവിൽ നിന്ന് പണം മുടക്കിയാണ് ദേശീയപാതയിൽ അങ്കമാലി മുതൽ ഇടപ്പള്ളി വരെയുള്ള പാത നിർമ്മാണം പൂർത്തിയാക്കിയത്. ഈ പ്രദേശത്ത് അറ്റകുറ്റപ്പണി നടത്താനുള്ള അനുമതി മാത്രമാണ് കരാർ കമ്പനിക്ക് ഉള്ളത്.

Loading...

പൊതു ഖജനാവിൽ നിന്ന് പണം ഉപയോഗിക്കുന്ന അവസരങ്ങളിൽ ചെലവായ പണം തിരിച്ചു പിടിച്ചു കഴിഞ്ഞാൽ ടോൾ നിരക്ക് 40 ശതമാനം വരെ കുറയ്ക്കാമെന്ന് ചട്ടമുണ്ട്. ഇതുപ്രകാരം നിരക്ക് കുറയ്ക്കണം എന്നാണ് ഡിസിസി വൈസ് പ്രസിഡന്‍റും അഭിഭാഷകനുമായ ജോസഫ് ടാജെറ്റ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്കും ദേശീയപാത അതോറിട്ടിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.